
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ഫോട്ടോ ഗ്രാഫർക്കുള്ള പ്രത്യേക ജൂറി പരാമർശം "മെട്രൊ വാർത്ത' ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രന്. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് മെട്രൊ വാർത്ത ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വ്യത്യസ്തമായ ചിത്രങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
ചലച്ചിത്രമേളയുടെ സമാപനചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും ജയചന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം പിടിപി നഗറിന് സമീപം "കൂട് ' വീട്ടിൽ കെ.ബി. ജയചന്ദ്രൻ കാൽനൂറ്റാണ്ട് കാലത്തോളമായി പ്രസ് ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ്.
മുമ്പും അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട കെ.ബി. ജയചന്ദ്രന്, സംസ്ഥാന ടൂറിസം വകുപ്പിന്റെ പുരസ്കാരം, ശിശുക്ഷേമസമിതി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ അനിത, മകൾ ജാൻകി.