
തിരുവനന്തപുരം : കെൽട്രോണിനെതിരായി ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണുമായി ചേർന്ന് അഴിമതി നടത്തിയെന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇന്നു ചേർന്ന വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ലെന്നും ഉദ്യോഗസ്ഥർക്കെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമായിട്ടാണെന്നും ഉപകരാർ കൊടുത്ത വിവരം കെൽട്രോൺ സർക്കാരിനെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമാണ്. ഉപകരാർ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ട ആവശ്യമില്ല. വിമർശിക്കുന്നവർ ഒരു കാര്യം ഓർക്കണം, പണ്ട് ഉമ്മൻചാണ്ടി 100 ക്യാമറ സ്ഥാപിച്ചത് 40 കോടി ചെലവാക്കിയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന് ഒന്നും മറച്ചുവെക്കാൻ ഇല്ലെന്നും പദ്ധതിയുടെ ടെണ്ടർ രേഖകൾ പൊതുമധ്യത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.