

എസ്. ജയശ്രീ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയെ അന്വേഷണ സംഘം ചോദ‍്യം ചെയ്യും. ദ്വാരപാലക ശിൽപ്പപാളികൾ കടത്തിയെന്ന കേസിലാണ് ചോദ‍്യം ചെയ്യുക
കഴിഞ്ഞ ദിവസം ജയശ്രീയുടെ മുൻകൂർ ജാമ‍്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ചോദ‍്യം ചെയ്യാനൊരുങ്ങുന്നത്. ജാമ‍്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള എസ്ഐടിയുടെ വാദം അംഗീകരിച്ച് ഹൈക്കോടതിയാണ് ജയശ്രീയുടെ ജാമ‍്യാപേക്ഷ തള്ളിയത്.
കേസിൽ നാലാം പ്രതിയാണ് ജയശ്രീ. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കു വേണ്ടി കൈമാറാൻ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള കുറ്റം. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ജയശ്രീയുടെ വാദം.