പരസ്യ അധിക്ഷേപം: പി.വി. അന്‍വറിനെതിരെ ഐപിഎസ് സംഘടന

മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും നീക്കം
IPS organization Against P.V. Anwar, on public insult
പരസ്യ അധിക്ഷേപം: പി.വി. അന്‍വറിനെതിരെ ഐപിഎസ് സംഘടന
Updated on

തിരുവനന്തപുരം: മലപ്പുറം പൊലിസ് അസോസിയേഷന്‍ യോഗത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എ ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തി. സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ ആവശ്യം. പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും, സ്പീക്കര്‍ക്കും നല്‍കണമെന്ന് അസോസിയേഷന്‍ ഭാരവാഹികളോട് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എസ്പി ശശിധരനെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും നീക്കമുണ്ട്.

പരിപാടിക്കെത്തിയ എംഎൽഎയ്ക്ക് എസ്പിയെ കാത്തിരിക്കേണ്ടി വന്നെന്നു പറഞ്ഞായിരുന്നു വിമർശനം. സർക്കാർ ഭവനപദ്ധതിയിലൂടെ വീടു നിർമിക്കുന്നതിന് മണ്ണ് എടുക്കാൻ സമ്മതിക്കാത്തതും തന്‍റെ പാർക്കിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടാത്തതും എംഎൽഎ ചൂണ്ടിക്കാട്ടി. മോഷണം പോയ 9 ലക്ഷംരൂപ വിലവരുന്ന റോപ്‌വേയ്ക്ക് ഉപയോഗിച്ചിരുന്ന സ്റ്റീൽ കേബിൾ രണ്ടായിരത്തി മുന്നൂറിലധികം കിലോ തൂക്കം വരും. ഒരാൾക്കും, രണ്ടാൾക്കും പത്താൾക്കും കൊണ്ടുപോകാൻ കഴിയില്ല. ഒരു സംഘമായി വന്ന് സംവിധാനത്തോടെ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. അത് കൊണ്ട് പോയിട്ട് അഞ്ചെട്ടു മാസമായി. മൂന്നു പ്രാവശ്യം ഞാൻ എസ്‌പിയെ വിളിച്ചു. ഒരു വിവരവുമില്ല. ഞങ്ങൾക്ക് കിട്ടിയ വിവരം പൊലീസിനു കൈമാറി. അതിലൊരു സ്ത്രീയെ മാത്രം വിളിച്ച് ചായ കൊടുത്തു വിട്ടു എന്നാണ് അറിഞ്ഞത്.

ഞാൻ തെളിവടക്കം നിയമസഭാ സമ്മേളനത്തിൽ പറയാൻ പോവുകയാണ്. ഇങ്ങനെയുണ്ടോ പൊലീസ്. ഇത്രയും വലിയ സാധനം കാട്ടിനുള്ളിൽനിന്ന് എടുത്തുകൊണ്ടുപോയിട്ട് കണ്ടുപിടിച്ചിട്ടില്ല. ഏത് പൊട്ടനും കണ്ടുപിടിക്കാൻ കഴിയില്ലേ. ഇതൊന്നും പറയാതിരിക്കാൻ നിവൃത്തിയില്ലെന്ന് പി.വി.അൻവർ പറഞ്ഞു. എസ് പി എത്താൻ വൈകിയതിനെയും അൻവർ വിമർശിച്ചു. എസ്പിയെ കാത്ത് അര മണിക്കൂർ ഇരിക്കേണ്ടി വന്നു. തിരക്കിന്‍റെ ഭാഗമായാണ് വൈകിയതെങ്കിൽ പ്രശ്നമില്ല. പക്ഷേ അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് വരാതിരുന്നതെങ്കിൽ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണെന്ന് അൻവർ പറഞ്ഞു. മറുപടി പ്രസംഗത്തിനായി എത്തിയ എസ്പി എസ്. ശശിധരൻ തനിക്ക് ചില തിരക്കുകളുണ്ടെന്ന് പറഞ്ഞ് ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചു.

Trending

No stories found.

Latest News

No stories found.