കുംഭമേളയ്ക്ക് പോകാൻ മുൻകൂട്ടി ബുക്ക് ചെയ്ത മുറി നിഷേധിച്ചു, ഐആർസിടിസിക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ

ഐആർടിസിക്കും ഓൺലൈൻ ബുക്കിങ് പോർട്ടലായ മേക്ക് മൈ ട്രിപ്പിനും 50,000 രൂപയാണ് പിഴയിട്ടത്
irctc make my trip fined for rejecting room

കുംഭമേളയ്ക്ക് പോകാൻ മുൻകൂട്ടി ബുക്ക് ചെയ്ത മുറി നിഷേധിച്ചു, ഐആർസിടിസിക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ

Updated on

മലപ്പുറം: കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ മുറി നിഷേധിച്ച സംഭവത്തിൽ നടപടി. മലപ്പുറം സ്വദേശികളുടെ പരാതിയിൽ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റേതാണ് നടപടി. ഐആർടിസിക്കും ഓൺലൈൻ ബുക്കിങ് പോർട്ടലായ മേക്ക് മൈ ട്രിപ്പിനും 50,000 രൂപയാണ് പിഴയിട്ടത്.

പരാതിക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുകയും കോടതി ചെലവായി 5000 രൂപ നൽകണമെന്നുമാണ് കമ്മീഷൻ ഉത്തരവ്. കൂടാതെ പരാതിക്കാരിൽ നിന്ന് അധികമായി ഈടാക്കിയ 7,827 രൂപ തിരിച്ചു നൽകാനും കോടതി വിധിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരൻ , സഹോദരൻ ബാലാജി ശങ്കർ, സുഹൃത്ത് മണികണ്ഠൻ എന്നിവരുടെ പരാതിയിലാണ് ഉത്തരവ്.

കഴിഞ്ഞ കുംഭമേളയിൽ പങ്കെടുക്കുന്നകിനായാണ് പരാതിക്കാർ പ്രയാഗ് രാജിലെ 'അതിഥി സ്റ്റേ ലോഡ്ജ്' എന്ന ഹോട്ടലിൽ മൂന്ന് ദിവസത്തേക്ക് മുറി ബുക്ക് ചെയ്തത്. ഐആർസിടിസി വഴി മേക്ക് മൈ ട്രിപ്പ് മുഖേന 2024 ഒക്ടോബറിലാണ് 4,173 രൂപ അടച്ച് ബുക്കിങ് സ്ഥിരീകരിച്ചത്. 2025 ഫെബ്രുവരി മൂന്നിന് ഹോട്ടലിൽ എത്തിയപ്പോൾ മുറി നൽകാൻ അധികൃതർ തയാറായില്ല. ഐആർസിടിസിയുമായോ മേക്ക് മൈ ട്രിപ്പുമായോ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഹോട്ടൽ സ്വീകരിച്ചത്. തുടർന്ന് കുംഭമേളയുടെ തിരക്കും അപരിചിതമായ സ്ഥലവുമായതിനാൽ മറ്റ് താമസസൗകര്യങ്ങൾ കണ്ടെത്താനാകാതെ വലഞ്ഞ പരാതിക്കാർക്ക് ഒടുവിൽ പ്രതിദിനം 4,000 രൂപ നിരക്കിൽ അധികത്തുക നൽകി ഇതേ ഹോട്ടലിൽ തന്നെ താമസിക്കേണ്ടി വന്നു. തുടർന്ന് അധികമായി നൽകേണ്ടി വന്ന തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടും ട്രാവൽ ഏജൻസികൾ തയ്യാറാകാത്തതിനെ തുടർന്നാണ് ഇവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

എന്നാൽ തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും വീഴ്ച വരുത്തിയത് ഹോട്ടലാണെന്നുമുള്ള എതിർകക്ഷികളുടെ വാദം കമ്മീഷൻ തള്ളി. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമെന്ന വിശ്വാസ്യതയിലാണ് പരാതിക്കാർ ഐആർസിടിസിയെ സമീപിച്ചതെന്നും അതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം വാർഷിക പലിശയും നൽകേണ്ടിവരും. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ സി.വി. എന്നിവർ അംഗങ്ങളുമായ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി.

logo
Metro Vaartha
www.metrovaartha.com