കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

ഇതു സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വത്തിന് തങ്ങൾ കത്തു നൽകിയിട്ടുണ്ടെന്നും അഞ്ച് തന്ത്രി കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങൾ പറഞ്ഞു
irinjalakuda koodalmanikyam temple kazhakam

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

file image

Updated on

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന ആരോപണവുമായി ക്ഷേത്രം തന്ത്രിമാർ രംഗത്തെത്തി. മാല കഴകം ആചാരപരമായ പ്രവൃത്തിയാണോ എന്ന് സിവില്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും ക്ഷേത്രം തന്ത്രിമാര്‍ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വത്തിന് തങ്ങൾ കത്തു നൽകിയിട്ടുണ്ടെന്നും അഞ്ച് തന്ത്രി കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങൾ പറഞ്ഞു. കഴകം തസ്തികയിലേക്കുള്ള ഏതൊരു നിയമനവും ക്ഷേത്രത്തിന്‍റെ ആചാരം, പാരമ്പര്യം, നിയമപരമായ വ്യവസ്ഥകള്‍ എന്നിവ അനുസരിച്ചായിരിക്കണം എന്നാണ് ചട്ടം.

മാല കഴകം ക്ഷേത്രത്തിന്‍റെ മതപരമായ കാര്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന് പ്രത്യേകമായ ആചാരപരമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് മാല കഴകം നടത്തുന്നത്. ദേവന്‍റെ ചൈതന്യം നിലനിര്‍ത്തുന്നതിന് ആ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ എന്തെങ്കിലും വ്യതിയാനം വന്നാൽ അത് താന്ത്രിക നിയമങ്ങളുടെ ലംഘനത്തിലേക്ക് നയിക്കുമെന്നും, അതിന് പരിഹാര ക്രിയകള്‍ ആവശ്യമാണെന്നും തന്ത്രിമാർ സൂചിപ്പിച്ചു.

അതിനാല്‍ ക്ഷേത്രത്തിന്‍റെ ചൈതന്യത്തിനും അന്തസ്സിനും നഷ്ടവും നാശവും ഉണ്ടാക്കുന്ന ഈ പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി തന്ത്രിമാരടക്കമുള്ളവരുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും ക്ഷേത്രത്തിലെ ആചാരങ്ങളുടെയും ചടങ്ങുകളുടെയും ശരിയായ നിര്‍വ്വഹണം നടത്തുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും നിയമപരമായ ബാധ്യതയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.

വിധിന്യായത്തില്‍ "കഴകത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മതപരമായ ഒന്നാണെങ്കില്‍ നിയമത്തിലെ സെക്ഷന്‍ 19 അനുസരിച്ച് ക്ഷേത്രം തന്ത്രി അംഗമായ ഒരു കമ്മിറ്റിക്ക് മാത്രമേ നിയമനം നടത്താന്‍ കഴിയൂ" എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. നിയമത്തിലെ സെക്ഷന്‍ 35 പ്രകാരവും, സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളില്‍ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ അന്തിമ അധികാരി തന്ത്രിയായിരിക്കുമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ തിടുക്കത്തിലുള്ള ഈ നിയമനം മതനിയമങ്ങളുടെയും നിയമപരമായ വ്യവസ്ഥകളുടെയും ഹൈക്കോടതി വിധിയുടെയും ലംഘനമാണെന്ന് കത്തില്‍ പറയുന്നു. കോടതി വിധിയുടെ അന്തസത്ത മനസ്സിലാക്കാതെയാണ് നിയമന നടപടിയുമായി ദേവസ്വം മുന്നോട്ടു പോയതെന്നും ഇത് പുനരാലോചിക്കണമെന്നുമാണ് തന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com