is Anti-forfeiture amendment is a scam by government
ജപ്തി തടയൽ ഭേദഗതി സർക്കാർ ഒരുക്കുന്ന ചതിക്കുഴി..??

ജപ്തി തടയൽ ഭേദഗതി സർക്കാർ ഒരുക്കുന്ന ചതിക്കുഴി..??

ജിബി സദാശിവൻ

കൊച്ചി: തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയ ജപ്തി തടയൽ ഭേദഗതി സർക്കാർ ഒരുക്കുന്ന ചതിക്കുഴിയാണെന്ന് ആരോപണം. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കിട്ടാക്കടം തിരിച്ചു പിടിക്കാൻ നിലവിലുള്ള മനുഷ്യത്വ രഹിതവും കർക്കശവും ജനവിരുദ്ധവുമായ നിയമങ്ങൾ നിലനിൽക്കേ സർക്കാരും കൂടി ജപ്തി നിർവഹിച്ചു നൽകാൻ നിയമഭേദഗതി വരുത്തുന്നതിന് പിന്നിൽ രഹസ്യ അജണ്ടയാണെന്ന് ആരോപണം ഉയർന്നു.

ജപ്തി തടയാനും, ഗഡുക്കളായി അടക്കുന്നതിനും, പലിശ 12 ശതമാനത്തിൽ നിന്ന് 9 ആയി കുറയ്ക്കാനും വേണ്ടിയാണ് റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ സർക്കാർ സഭയിൽ കൊണ്ടുവരുന്നത്. എന്നാൽ ഇത് കടക്കെണിയിലായി നരകിക്കുന്ന ജനങ്ങളുടെ കിടപ്പാടം പിടിച്ചെടുത്തു വിൽക്കുന്നതിനുള്ള അമിതാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ഗൂഢ നീക്കമാണെന്ന് സർഫാസി വിരുദ്ധ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ കൊടുക്കാനുള്ള തുക വസൂലാക്കാൻ സർക്കാരിന് അധികാരം നൽകുന്ന റവന്യൂ റിക്കവറി ആക്ടിലെ 71 ആം വകുപ്പ് റദ്ദാക്കുന്നതിനു പകരം ജപ്തി നീട്ടിവെച്ച് പാവപ്പെട്ടവരെ സംരക്ഷിക്കാനാണെന്നു വരുത്തി അവർക്കുള്ളതുകൂടി പിടിച്ചുപറിക്കാനാണ് ഭേദഗതിയെന്ന് ഇവർ പറയുന്നു. 20 ലക്ഷത്തിന് മുകളിൽ വരുന്ന വായ്പകളിന്മേലുള്ള ജപ്തികൾ യാതൊരു തടസ്സമോ പരിശോധനയോ കൂടാതെ ഉടനടി നടത്തുന്നതിനുള്ള മൗനാനുവാദം കൂടി നൽകുകയാണ് ഈ ഭേദഗതി ചെയ്യുന്നത് . ദീർഘകാലമായി കേരള ബാങ്ക് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണത്.

പ്രളയം, കൊവിഡ്, നോട്ടു നിരോധനം, ജിഎസ്‌ടി , തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക വിളകളുടെ വിലയിടിവ്, മാരകരോഗാവസ്ഥകൾ എന്നീ പ്രതിസന്ധികൾ മറികടക്കാനാവാതെ കടക്കെണിയിൽ കരുങ്ങി നരകിച്ചു കഴിയുന്നവർക്ക് കടാശ്വാസമോ, കടപരിഹാരമോ നൽകാതെയാണ് സർക്കാരിന്‍റെ പുതിയ നീക്കം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷനായ കേരള ബാങ്ക് പതിനായിരക്കണക്കിന് റവന്യൂ റിക്കവറി നോട്ടീസുകളാണ് കടക്കെണിയിലായ സാധാരണക്കാർക്ക് അയച്ചുകഴിഞ്ഞിട്ടുള്ളത്. മാത്രവുമല്ല, ജനകീയ എതിർപ്പ് ഭയന്ന് കഴിഞ്ഞ വർഷം റവന്യൂ റിക്കവറി നടപടികൾ നിർത്തിവെച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ കേരളാ ബാങ്കിന്‍റെ ജപ്തി നടപടികൾക്ക് വിലക്കുണ്ടായിരിക്കില്ലെന്ന് പ്രത്യേകം പരാമർശിച്ചിരുന്നതും ഈ നീക്കത്തിനു പിന്നിൽ രഹസ്യഅജണ്ടയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു.

2002 -ൽ പ്രാബല്യത്തിൽ വന്ന് കഴിഞ്ഞ 22 വർഷമായി സാധാരണ ജനങ്ങളെ നിഷ്ക്കരുണം തെരുവിൽ എറിയുന്ന സർഫാസി എന്ന ഭീകര നിയമത്തിന് തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. കിടപ്പാടം ജപ്തിചെയ്യില്ലെന്ന് നിയമനിർമ്മാണം കൊണ്ടുവരാം എന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാതെയാണ് നിയമ ഭേദഗതിയിലൂടെ രഹസ്യ അജണ്ട ഒളിച്ചു കടത്തുന്നതെന്ന് സർഫാസി വിരുദ്ധ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

logo
Metro Vaartha
www.metrovaartha.com