
file image
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചാരണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.ജെ. ഷൈനിനെതിരേയുളള അപവാദ പ്രചാരണം എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് സതീശൻ പറഞ്ഞു.
ഇത്തരത്തിലുളള കേസുകളിൽ എന്തിനാണ് തന്‍റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാക്കുന്നില്ലെന്നും സതീശൻ. കോൺഗ്രസുകാർക്കെതിരേ കുറച്ച് നാളുകളായി സിപിഎം ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയപ്പോൾ ഈ മാന്യതയൊന്നും ഉണ്ടായിട്ടില്ല. അപ്പോൾ കോൺഗ്രസ് ഹാൻഡിലുകളിലും പ്രചാരണമുണ്ടാകും.
കോൺഗ്രസ് നേതാക്കൾക്കെതിരേ ഇത്തരത്തിലുളള പ്രചാരണം വന്നപ്പോൾ മനുഷ്യാവകാശവും സ്ത്രീ സംരക്ഷണം ഒന്നും ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു. അപവാദ പ്രചാരണം എങ്ങനെയാണ് പുറത്ത് വന്നതെന്ന് കെ.എൻ. ഉണ്ണികൃഷ്ണന്‍റെ പ്രസ്താവനയുടെ വരികളിലുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
അപവാദ പ്രചാരണത്തിനു പിന്നിൽ കോൺഗ്രസാണെന്ന് കെ.ജെ. ഷൈൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും ഷൈൻ പറഞ്ഞിരുന്നു.