
വനം വകുപ്പ് വാച്ചർ ഇനി മുതൽ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ്
തിരുവനന്തപുരം: വനം വകുപ്പിലെ ഫോറസ്റ്റ് വാച്ചർ തസ്തിക പുന:നാമകരണം ചെയ്ത് സർക്കാർ ഉത്തരവായി. "ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് " എന്നാണ് പുതിയ പേര്. വകുപ്പിലെ റിസർവ് വാച്ചർ-ഡിപ്പോ വാച്ചർ തുടങ്ങി എല്ലാ വാച്ചർ തസ്തികയും ഉത്തരവിന്‍റെ പരിധിയിൽ വരും. പരിഷ്ക്കണം സംബന്ധിച്ച് ജീവനക്കാരുടെ സംഘടന നിവേദനം നൽകുകയും ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സർക്കാരിലേക്ക് അനുകൂല ശിപാർശ നൽകുകയും ചെയ്തിയിരുന്നു.
നിലവിലെ ഫോറസ്റ്റ് വാച്ചറുടെ ജോലി സ്വഭാവം, ഉത്തരവാദിത്വം എന്നിവയിൽ യാതൊരു ഇളവും വരുത്താൻ പാടില്ലെന്നും പേരു മാറ്റത്തിന്‍റെ അടിസ്ഥാനത്തിൽ ഡിപ്പോ സൂക്ഷിപ്പ്, തൊണ്ടിമുതൽ സൂക്ഷിപ്പ് തുടങ്ങിയവയ്ക്ക് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ പാടില്ലെന്നും പുതിയ വേതന ഘടനയ്ക്ക് ആവശ്യം ഉന്നയിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു.