പരിശുദ്ധ സഭയുടെ പള്ളികൾ സംരക്ഷിക്കും, നിയമ നിർമ്മാണം വേഗത്തിലാക്കണം; യാക്കോബായ സഭാ വർക്കിംഗ് കമ്മറ്റി

സഭാ തർക്കത്തിന്‍റെ ശാശ്വത പരിഹാരത്തിന് നിയമനിർമ്മാണം നടത്തുവാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിയിലും ആവർത്തിച്ചുള്ള ഹൈക്കോടതി വിധികളിലും വ്യക്തമാക്കിയിട്ടുള്ളതാണ്
jacobite church working committee will protect the churches of the holy church
jacobite church working committee will protect the churches of the holy church

കൊച്ചി : ഒരു നൂറ്റാണ്ട് പഴക്കമുള്ള സഭാതർക്കം വീണ്ടും സംഘർഷപൂർണവും കലുഷിതവുമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ കേരള ഗവൺമെന്റ് അടിയന്തിരമായി നിയമനിർമ്മാണം നടത്തി മലങ്കര സഭാ തർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് തിങ്കളാഴ്‌ച പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യാക്കോബായ സഭാ വർക്കിംഗ് കമ്മറ്റിയോഗം ഗവൺമെന്റിനോട് അഭ്യർത്‌ഥിച്ചു. നാളിതുവരെയും സഭാതർക്കം നീതിപൂർവ്വം പരിഹരിക്കു വാൻ ഗവൺമെന്റ് കൈക്കൊണ്ട നടപടികളെ നന്ദിയോടെ സ്‌മരിക്കുന്നതായും പറഞ്ഞു . മൃതദേഹങ്ങൾ സംസ്ക്കരിക്കുവാൻ പോലും സാധ്യതമല്ലാതിരുന്ന സാഹചര്യത്തിൽ നിയമനിർമ്മാണത്തിലൂടെ ഒരു പരിധിവരെ എങ്കിലും ആ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ ഗവൺമെന്റ് സ്വീകരിച്ച നടപടികൾ സഭയും പൊതു സമൂഹം മുഴുവനും പ്രകീർത്തിച്ച സംഗതിയാണ്.

സഭാ തർക്കത്തിന്‍റെ ശാശ്വത പരിഹാരത്തിന് നിയമനിർമ്മാണം നടത്തുവാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിയിലും ആവർത്തിച്ചുള്ള ഹൈക്കോടതി വിധികളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമ നിർമ്മാണത്തിന്റെ കാര്യങ്ങൾ എവിടെ വരെ ആയി എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഗവൺമെന്‍റിനോട് ചോദിച്ചതും ഇതിന്റെ ഗൗരവം വെളിവാക്കുന്നതാണ്. ഗവൺമെന്റ് നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ഹിതപരിശോധനയിൽ 12 ലക്ഷം ആളുകൾ അനുകൂലിക്കുകയുണ്ടായി. നിയമനിർമ്മാണത്തിനുള്ള കാര്യങ്ങൾ പരിസമാപ്‌തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇനിയും നിയമ നിർമ്മാണത്തിന് താമസമുണ്ടാക്കുന്നത് വലിയൊരു വിശ്വാസി സമൂഹത്തിന്റെ നീതി നിഷേധത്തിലേയ്ക്കും സഭാതർക്കം കൂടുതൽ കലുഷിതമായ അന്തരീക്ഷത്തിലേയ്ക്ക് പോകുവാനും മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ആയതുകൊണ്ട് അടിയന്തിരമായി ഗവൺമെന്റ് ഈ വിഷയം പരിഗണിച്ച് സഭാ തർക്കത്തിന് വിരാമം കുറിക്കുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് വർക്കിംഗ് കമ്മറ്റി ആവശ്യപ്പെട്ടു. നിയമനിർമ്മാണം വൈകുന്നത് വലിയ ആശങ്കയോടും നിരാശയോടും കൂടെയാണ് വിശ്വാസികളും പൊതു സമൂഹവും നോക്കി കാണുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുവാനും, നീതി നിഷേധിക്കപ്പെട്ട പള്ളികളേയും വിശ്വാസികളേയും സംരക്ഷിക്കുവാനും, പരി. സഭയ്ക്കുവേണ്ടിയും ശ്രേഷ്‌ഠ കാതോലിക്ക ബാവായ്ക്കു വേണ്ടിയും പ്രത്യേകം സഭാമക്കൾ പ്രാർത്ഥിക്കുവാനും മലങ്കര മെത്രാപ്പോലീത്ത ആഹ്വാനം ചെയ്‌തു. സഭാട്രസ്റ്റി തമ്പു ജോർജ്ജ് തുകലൻ 2023- 24 വർഷത്തെ വരവ്- ചെലവ് കണക്ക് അവതരിപ്പിച്ചു. സഭയിലെ വൈദീകരുടെ പരിചരണം, ഗ്രൂപ്പ് ഇൻഷുറൻസ്, വൈദീക വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയ ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകി കൊണ്ട് സഭാവർക്കിംഗ് കമ്മറ്റിയിൽ അവതരിപ്പിച്ച ബഡ്‌ജറ്റ് ജൂലൈ 4 ന് കൂടുന്ന സഭാ മാനേജിംഗ് കമ്മറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, വൈദീക ട്രസ്റ്റി റവ ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.