
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുഡിഎഫിന് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുകളെത്തുടർന്ന് മുന്നണിയിൽ അതൃപ്തി പുകയുന്നു. രമേശ് ചെന്നിത്തല യുഡിഎഫിന്‍റെ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന എസ്എൻഡിപി-എൻഎസ്എസ് നേതാക്കളുടെ അഭിപ്രായത്തോടെ തുടക്കമിട്ട വിവാദമാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.
ഘടകകക്ഷികളടക്കം എതിർപ്പുയർത്തിയതോടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇടപെട്ട് മുഖ്യമന്ത്രി സ്ഥാനാർഥിത്വ വിഷയം ചർച്ച ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വട്ടിയൂർക്കാവിലെ വിജയത്തിന് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചെന്ന മുതിർന്ന നേതാവ് കെ. മുരളീധരന്‍റെ വെളിപ്പെടുത്തലുണ്ടായത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജയത്തിലടക്കം ഇതേ ആരോപണം ഇടത് മുന്നണി നേതാക്കൾ ഉയർത്തുന്നതിനിടെ കെ. മുരളീധരന്‍റെ പ്രസ്താവന അനവസരത്തിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
ഇതിനോടകം, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരെ ഘടകകക്ഷി നേതാക്കളടക്കം പരാതി അറിയിച്ചിട്ടുണ്ട്. അനാവശ്യ പ്രസ്താവനങ്ങളിലൂടെ മുരളീധരന്‍ വിവാദം ഉണ്ടാക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ പ്രസ്താവനകളും അനാവശ്യമായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കെ. മുരളീധരന്‍ 14 വിവാദ പ്രസ്താവനകള്‍ നടത്തി. മുരളീധരന്‍ സ്വയം നിയന്ത്രിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ജമാഅത്ത ഇസ്‌ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെ. മുരളീധരന്‍ രംഗത്തെത്തിയത്.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചു. 2019 മുതല്‍ ജമാഅത്തെയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചത്.
ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നതിനായി ന്യൂനപക്ഷ വർഗീയ കക്ഷികളെ അനുകൂലിക്കാമെന്ന തരത്തിലുള്ള സിഎംപി നേതാവ് സി.പി. ജോണിന്‍റെ പരാമർശവും മുന്നണിയിൽ ചർച്ചയായിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ സംഘടനകൾ ആർഎസ്‌എസിനെപ്പോലെയല്ല. ന്യൂനപക്ഷ വർഗീയതയായാലും അവരെ ചേർത്തുപിടിക്കുകയാണ് വേണ്ടത്. ഇരകളെന്ന പരിഗണന അവർക്ക് നൽകണം. തെരഞ്ഞെടുപ്പുകളിൽ ജമാ അത്തെയെയും എസ്‌ഡിപിഐയെയും പോലുള്ള സംഘടനകളുടെ പിന്തുണ തേടുന്നതിൽ തെറ്റില്ലെന്നും സി.പി ജോൺ പറഞ്ഞു.