
കോഴിക്കോട്: കോഴിക്കോട് ഫറൂഖ് കോളെജിൽ പരിപാടിക്കു ക്ഷണിച്ചതിനു ശേഷം മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സംവിധായകൻ ജിയോ ബേബി. കോളെജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരിപാടിക്കാണു ജിയോ ബേബിയെ ക്ഷണിച്ചിരുന്നത്. അതിനുവേണ്ടി കോഴിക്കോട് എത്തിയ ശേഷമാണു പരിപാടി റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇതിനു കൃത്യമായ കാരണം ബോധിപ്പിച്ചതുമില്ല. എന്നാൽ പിന്നീട് ഫോർവേഡ് ചെയ്തു കിട്ടിയ കത്തിൽ നിന്നു, തന്‍റെ ചില പരാമർശങ്ങൾ കോളെജിന്‍റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണെന്ന കാരണത്താൽ കോളെജ് യൂണിയൻ നിസഹകരണം പ്രഖ്യാപിച്ചുവെന്ന് അറിഞ്ഞുവെന്നു ജിയോ ബേബി സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത വിഡിയോയിൽ വ്യക്തമാക്കുന്നു.
"സട്ടിൽ പൊളിറ്റ്ക്സ് ഓഫ് പ്രസന്‍റ് ഡേ മലയാളം സിനിമ' എന്ന വിഷയത്തിൽ സംസാരിക്കാനായിരുന്നു ജിയോ ബേബിയെ ക്ഷണിച്ചിരുന്നത്. അഞ്ചാം തീയതിയായിരുന്നു പരിപാടി. അന്നേദിവസം രാവിലെ കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചർ വിളിച്ച് റദ്ദാക്കിയ വിവരം പറഞ്ഞത്. അവർക്കും വേദന ഉണ്ടായി. പക്ഷേ എന്താണ് കാരണമെന്നു വ്യക്തമാക്കിയില്ല. സോഷ്യൽ മീഡിയയിൽ വരെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു.
പരിപാടി ക്യാൻസൽ ചെയ്യാനുള്ള കാരണം ചോദിച്ച് പ്രിൻസിപ്പലിനു മെയ്ൽ അയച്ചിട്ടും മറുപടി കിട്ടിയില്ലെന്നു ജിയോ ബേബി ആരോപിക്കുന്നു.
ഈ പരിപാടിക്കു വേണ്ടി ഒരു ദിവസത്തോളം യാത്ര ചെയ്തു. അതിനേക്കാളുപരി അപമാനിതനായി. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിദ്യാർഥി യൂണിയനുകളും എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ജിയോ ബേബി വിഡിയൊയിൽ ചോദിക്കുന്നു. അതേസമയം സംഭവം വിവദമായതിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഫറൂഖ് കോളെജ് കോഡിനേറ്ററായ അധ്യാപകൻ സ്ഥാനമൊഴിഞ്ഞു. സംഭവത്തിൽ ജിയോ ബേബിക്ക് പിന്തുണയുമായി നിരവധി പേർ എത്തിയിട്ടുണ്ട്.