

മാളയിലെ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു
തൃശൂർ: മാളയിൽ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു. ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടത്തിന് തൊട്ടുമുൻപു വരെ സിനഗോഗിൽ സന്ദർശകരുണ്ടായിരുന്നു. നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ല.
അതേസമയം, സിനഗോഗിന്‍റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി സന്ദർശകരെ പ്രവേശിപ്പിക്കരുതെന്ന് പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനീയർ നൽകിയ റിപ്പോർട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണം ഉയരുന്നുണ്ട്.
1930ൽ നിർമിക്കപ്പെട്ടെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ - മൈസൂർ യുദ്ധകാലത്ത് ടിപ്പു സുൽത്താന്‍റെ സൈന്യത്തിന്‍റെ ആക്രമണം നേരിട്ടതായാണ് ചരിത്രം. തുടർന്ന് മാളയിലെ ജൂത സമൂഹം ഇസ്രയേലിലേക്ക് കുടിയേറാൻ തുടങ്ങിയപ്പോൾ ഈ കെട്ടിടം മാള ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. പിന്നീടിത് ജൂത മ്യൂസിയമാക്കി മാറ്റി. നിലവില്‍ ഈ കെട്ടിടം ടൂറിസം വകുപ്പിന്‍റെ കീഴിലാണ്.