

ജി. സുധാകരൻ
file image
ആലപ്പുഴ: സിപിഎമ്മിനെ വെട്ടിലാക്കി ജി. സുധാകരന്‍റെ വെളിപ്പെടുത്തൽ. സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരന്‍റെ വെളിപ്പെടുത്തൽ. എച്ച്. സലാമിന്‍റെയും പി.പി. ചിത്തരഞ്ജന്‍റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്.
എന്നാൽ തന്‍റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യമൊന്നും മാധ്യമങ്ങൾ കാണില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. മാത്രമല്ല, മാസപ്പടി കേസിനെ കുറിച്ചും സുധാകരൻ പ്രതികരിച്ചു.
പിണറായി വിജയന്‍റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇഡിയുടെ റിപ്പോർട്ട്. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ ശനിയാഴ്ച നടന്ന പൊതുപരിപാടിക്കിടെയാണ് സുധാകരന്‍റെ പരാമർശങ്ങൾ.