ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക്

തന്റെ മാതൃപാർട്ടി കേരള കോൺഗ്രസ് എം ആണെന്നും ആ പാർട്ടിയിൽ നിന്നുകൊണ്ട് ഇനിയുള്ള കാലം പൊതുപ്രവർത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ജോണി നെല്ലൂർ
ജോണി നെല്ലൂർ
ജോണി നെല്ലൂർ

കോട്ടയം: ഒരു ഇടവേളക്ക് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന യു.ഡി.എഫ് മുൻ സെക്രട്ടറിയും നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി മുന്‍ നേതാവും മുൻ എം.എൽ.എയുമായ ജോണി നെല്ലൂർ വീണ്ടും കേരള കോൺഗ്രസ് എമ്മിലേക്ക്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇദ്ദേഹം പാർട്ടി നേതൃത്വത്തിലെത്തും. തന്റെ മാതൃപാർട്ടി കേരള കോൺഗ്രസ് എം ആണെന്നും ആ പാർട്ടിയിൽ നിന്നുകൊണ്ട് ഇനിയുള്ള കാലം പൊതുപ്രവർത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ജോണി നെല്ലൂർ പറഞ്ഞു.

കർഷക താത്പര്യങ്ങൾക്ക് വേണ്ടി പോരാടുവാനും ന്യൂനപക്ഷ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാനുമാണ് തിരികെയെത്തുന്നതെന്നും കേരളത്തിൽ ഏറ്റവും കൂടുതൽ ജനകീയ അടിത്തറയുള്ളത് ജോസ്.കെ. മാണി ചെയർമാനായ കേരള കോൺഗ്രസ് (എം) പാർട്ടിക്കാണെന്നും ജോണി നെല്ലൂർ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസ് എം ചെയർമാർ ജോസ് കെ. മാണിയുമായി ജോണി നെല്ലൂർ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. താമസിയാതെ പാർട്ടി അംഗത്വം നൽകി ജോണി നെല്ലൂരിനെ പാർട്ടിയുടെ ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്തിയേക്കും. ഭാരവാഹിത്വവും, പിറവം നിയമസഭ സീറ്റ് ഉൾപ്പെടെയുള്ളവ ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്. ഈ അവസരത്തിലായിരുന്നു വാർത്താസമ്മേളനം.

യുഡിഎഫ് തന്നെ നിരന്തരം അവഗണിച്ചുവെന്ന് ജോണി നെല്ലൂർ പറഞ്ഞു. രാജ്ഭവൻ മാർച്ചിൽ മുൻനിരയിൽ ഇരിപ്പിടം തന്നില്ല. രാഹുൽഗാന്ധി വന്ന വേദിയിൽ കസേര പോലും നൽകിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസഫ് വിഭാഗത്തിൽ പ്രധാന സ്ഥാനമാനങ്ങളോ നിയമസഭ സീറ്റോ ലഭിച്ചില്ല. സംഘടനാ ചട്ടക്കൂടില്ലാത്ത പാർട്ടിയാണ് ജോസഫ് വിഭാഗമെന്നും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ച് കുശാഗ്രബുദ്ധിക്കാരായ കുറെ നേതാക്കളുടെ പാർട്ടിയായി മാറിയെന്നും ജോണി നെല്ലൂർ കുറ്റപ്പെടുത്തി. ജോസഫ് ഗ്രൂപ്പിൽ നിന്ന് രാജിവച്ച് രൂപീകരിച്ച നാഷണൽ പ്രോഗ്രസീവ് പാർട്ടി ക്രൈസ്തവസഭ മേലധ്യക്ഷന്മാരുടെ പിന്തുണയോടെയായിരുന്നെന്നും എന്നാൽ പാർട്ടിയുടെ പോക്കു ശരിയായ രീതിയിലല്ലാത്തതിനാലാണ് രാജിവച്ചതെന്നും ജോണി നെല്ലൂർ പറഞ്ഞു.

കേരള കോൺഗ്രസിന്റെ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായിരുന്നു ജോണി നെല്ലൂർ. പിന്നീട് ടി.എം ജേക്കബ് പാർട്ടി രൂപീകരിച്ചപ്പോൾ 1996, 2001 കാലങ്ങളിൽ എംഎൽഎയും ചെയർമാനുമായി. ഔഷധിയുടെ ചെയർമാനായും ജോണി നെല്ലൂർ പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ജേക്കബ്) ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന ജോണി നെല്ലൂർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പാർട്ടി വിഘടിപ്പിച്ച് കേരള കോൺഗ്രസ്- ജോസഫ് ഗ്രൂപ്പിൽ ലയിച്ചിരുന്നു. പിന്നീട് ജോസഫ് ഗ്രൂപ്പിൽ നിന്ന് രാജിവച്ച് നാഷണൽ പ്രോഗ്രസീവ് പാർട്ടി രൂപീകരിച്ചെങ്കിലും പാർട്ടി ബിജെപി നിലപാട് സ്വീകരിച്ചതോടെ രാജിവച്ച് സജീവരാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

ജോണി നെല്ലൂരിനെ യുഡിഎഫ് സംസ്ഥാന നേതൃത്വം യുഡിഎഫിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന ജോണി നെല്ലൂർ എറണാകുളത്ത് നവകേരള സദസിന്റെ പ്രഭാത യോഗത്തിനെത്തിയിരുന്നു. ഈ യോഗത്തിൽ വച്ച് മുഖ്യമന്ത്രി ജോണി നെല്ലൂരിനോട് സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചുവട് മാറ്റം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com