Jose K Mani might move from Pala

ജോസ് കെ. മാണി, കെ.എം. മാണി

File photo

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലായിൽ തോറ്റ ജോസ് കെ. മാണിക്ക് ഇത്തവണ ഷോൺ ജോർജിന്‍റെ സാന്നിധ്യവും വെല്ലുവിളിയാണ്
Published on

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പരമ്പരാഗത 'കുടുംബ മണ്ഡലമായ' പാലാ വിടുമെന്ന് സൂചന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ മത്സരിക്കുന്നതാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച വാർത്തകൾ പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നിഷേധിച്ചില്ല.

കഴിഞ്ഞ തവണ പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി പരാജയപ്പെട്ടിരുന്നു. കടുത്തുരുത്തിയിലാണ് കൂടുതൽ വിജയസാധ്യത എന്ന വിലയിരുത്തലിനെ തുടർന്നാണ് മാറ്റം പരിഗണിക്കുന്നത്. ജോസ് കെ. മാണി ഇതിനകം ഈ മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. എൻഡിഎ സ്ഥാനാർഥിയായി ഷോൺ ജോർജ് പാലായിൽ മത്സരിക്കുമ്പോൾ വോ‌ട്ടുകൾ ഭിന്നിച്ച് പരാജയ സാധ്യത കൂടുമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്.

ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിക്കുമെന്നും മത്സരിക്കില്ലെന്നും പറയാൻ കഴിയില്ലെന്നായിരുന്നു സ്റ്റീഫൻ ജോർജിന്‍റെ പ്രതികരണം. ചിലപ്പോൾ പാലായിൽ, അല്ലെങ്കിൽ കടുത്തുരുത്തിയിലായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 2021ൽ കേരള കോൺഗ്രസ് എമ്മിനായി കടുത്തുരുത്തിയിൽ മത്സരിച്ചത് സ്റ്റീഫൻ ജോർജ് ആയിരുന്നു.

പാർട്ടി എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. കോൺഗ്രസിന് ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. ഇടതു മുന്നണിയിലേക്ക് വന്നപ്പോൾ ഉള്ള സാഹചര്യമല്ല നിലവിലുള്ളത്. അന്ന് സ്വാഭാവികമായ ബുദ്ധിമുട്ടുകൾ ഉണ്ടായി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീരുമാനിച്ചതിന് ശേഷമാണ് ഇടതു മുന്നണിയിലേക്ക് വന്നത്. അന്ന് പാർട്ടിക്ക് ചില നഷ്ടങ്ങൾ ഉണ്ടായി. ആ കാര്യങ്ങൾ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് അവതരിപ്പിക്കും. ഇത് സംബന്ധിച്ച് പ്രാദേശിക ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുന്നണിക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ യോഗങ്ങളിൽ ചർച്ച ചെയ്യണമെന്നതാണ് നിലപാട്. ശക്തിക്കനുസരിച്ച് സീറ്റുകൾ ആവശ്യപ്പെടണമെന്ന് ജോസ് കെ. മാണി നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റീഫൻ ജോർജ് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com