മെഡിക്കൽ കോളെജിലെ അനാസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ രോഗി മരിച്ചു

വീഴ്ചയുണ്ടായിട്ടില്ലെന്ന് സൂപ്രണ്ട് | ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി
മെഡിക്കൽ കോളെജിലെ അനാസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ രോഗി മരിച്ചു | patient dies after complaining

വേണു.

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ രോഗി അനാസ്ഥ മൂലം മരിച്ചെന്നു പരാതി. കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവറായ വേണു (48) ആണ് ബുധനാഴ്ച രാത്രി മരിച്ചത്. അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടി വെള്ളിയാഴ്ചയാണ് വേണു മെഡിക്കല്‍ കോളെജിലെത്തിയത്. എന്നാല്‍ 5 ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്നാണു പരാതി.

അതേസമയം, ചികിത്സ വൈകിയിട്ടില്ലെന്നും ദിവസവും ഡോക്‌ടർമാരെത്തി പരിശോധിച്ച് ആരോഗ്യനില വിലയിരുത്തിയിരുന്നെന്നും സൂപ്രണ്ടിന്‍റെ വിശദീകരണം. അതിനിടെ, "നായയെ നോക്കുന്ന കണ്ണു കൊണ്ടു പോലും നോക്കില്ലെന്നും എല്ലായിടത്തും കൈക്കൂലിയാണെന്നും'' വേണു സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്തുവന്നു.

ഇതോടെ മെഡിക്കൽ കോളെജിനെതിരെ പ്രതിഷേധം ശക്തമായി. യൂത്ത് കോൺഗ്രസ് അടക്കമുള്ളവർ സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ്.

മെഡിക്കൽ കോളെജിലെ അനാസ്ഥകൾ പറയുന്ന വേണുവിന്‍റെ ശബ്ദസന്ദേശം ബുധനാഴ്ച ഉച്ചയോടെയാണ് സുഹൃത്തിന് ലഭിച്ചത്. രാത്രിയോടെ വേണു മരിച്ചു. താന്‍ മരിച്ചാല്‍ അതിനു കാരണം ആശുപത്രിയാണെന്ന് മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അയച്ച ഈ സന്ദേശത്തിൽ വേണു പറയുന്നുണ്ട്.

വേണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നല്‍കി. ആശുപത്രിയിലെ അനാസ്ഥ മൂലമാണ് വേണു മരിച്ചതെന്ന് സഹോദരനും പറഞ്ഞു. കൊല്ലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ച് വേണുവിനെ മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. മരണത്തിന് പിന്നാലെ ചവറയിലും യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

അന്ത്യ സന്ദേശം:

''നായയെ നോക്കുന്ന കണ്ണു കൊണ്ടു പോലും നോക്കില്ല''

''അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചാല്‍ ആരും മറുപടി നല്‍കില്ല. യൂണിഫോമിട്ട ആളുകളോടു കാര്യം ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണു കൊണ്ടു പോലും നോക്കില്ല. പിന്നീടു പോലും ഒരു മറുപടി പറയില്ല. എല്ലായിടത്തും കൈക്കൂലിയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഞാന്‍ എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ ഇവിടെ വന്നത്. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വേഗതയുള്ള ആംബുലന്‍സ് വിളിച്ചാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു പോന്നത്. അഞ്ചു ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല. എന്നോട് കാണിക്കുന്ന ഉദാസീനത എന്താണെന്നു മനസിലാകുന്നില്ല.

പരിശോധിക്കാന്‍ വരുന്ന ഡോക്റ്ററോടു ചികിത്സ എപ്പോള്‍ ഉണ്ടാകുമെന്നു പല തവണ ചോദിച്ചിട്ടും ഒരറിവും ഇല്ല. നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കാറില്ല. കൈക്കൂലി വാങ്ങിയാണ് ഇവര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അറിയില്ല. ഒരു സാധാരണ കുടുംബത്തില്‍പ്പെട്ട രണ്ടുപേര്‍ തിരുവനന്തപുരത്തു വന്നു നില്‍ക്കണമെങ്കില്‍ എത്ര രൂപ ചെലവാകുമെന്ന് അറിയാമല്ലോ. സാധാരണക്കാര്‍ക്ക് ഏറ്റവും വലിയ ആശ്രയമാകേണ്ട ആതുരാലയം ഓരോ ജീവന്‍റേയും ശാപം പേറുന്ന നരകമായി മാറുകയാണ്. എന്‍റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണം. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതു പുറംലോകത്തെ അറിയിക്കണം''.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com