
സർക്കാർ ആവശ്യപ്പെട്ട 9531 കോടി നഷ്ടപരിഹാര തുക നൽകാനാവില്ലെന്ന് കപ്പൽ കമ്പനി
കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ നഷ്ടപരിഹാരം നൽകുന്നത് പ്രായോഗികമല്ലെന്ന് എംഎസ്‌സ് കമ്പനി. തുക വളരെ കൂടുതലാണെന്നും കമ്പനി വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന്, എത്ര രൂപ നഷ്ടപരിഹാരമായി നൽകാൻ സാധിക്കുമെന്നറിയിക്കാൻ കമ്പനിയോട് ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീം നിർദേശിച്ചു.
കേരള സർക്കാർ നൽകിയ കേസിന്‍റെ ഭാഗമായി എംഎസ്‌സി കമ്പനിയുടെ ഉടമസ്ഥതയിലുളള കപ്പൽ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്ന് നിലവിൽ വിഴിഞ്ഞം തുറുമുഖത്തുള്ള കപ്പലിന്‍റെ അറസ്റ്റ് തുടരുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു.
എന്നാൽ, കപ്പലിന്‍റെ ഉടമസ്ഥർ തങ്ങളല്ലെന്നും ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത എൽസ 3 മാരിടൈം കമ്പനിയാണെന്നും എംസ്‌സി വാദിച്ചു. ഇന്ധനം ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവസ വ്യസ്ഥയ്ക്ക് പ്രശ്നമുണ്ടായിട്ടില്ല. പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് പരിസ്ഥിതി പ്രശ്നം മാത്രമാണ്. കപ്പൽ മുങ്ങിയത് കേരളത്തിന്‍റെ സമുദ്രാതിർത്തിക്കുള്ളിൽ അല്ലാത്തതിനാൽ കേന്ദ്ര സർക്കാരാണ് ഇക്കാര്യത്തിൽ നഷ്ടപരിഹാരത്തിനായി സ്യൂട്ട് നൽകേണ്ടതെന്നും കപ്പൽ കമ്പനി വാദിച്ചു.
എന്നാൽ, കപ്പൽ മുങ്ങിയതിലും പരിസ്ഥിതി മലിനീകരണമുണ്ടായതിലും തർക്കമില്ലല്ലോ എന്ന് ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീം ചോദിച്ചു. പ്ലാസ്റ്റിക് തരികൾ കടലിൽനിന്നു ടൺ കണക്കിനാണ് ശേഖരിച്ചതെന്നും എത്ര അളവിൽ പരിസ്ഥിതി മലിനീകരമുണ്ടായി എന്നതാണു തർക്കമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി ഓഗസ്റ്റ് 6ന് വീണ്ടും പരിഗണിക്കും.