മത്സര ഓട്ടം വേണ്ട: കെ​എ​സ്ആ​ർ​ടി​സി ഡ്രൈവര്‍മാരോട് ഗതാഗത വകുപ്പ് മന്ത്രി

''നമ്മുടെ റോഡുകളുടെ പരിമിതികള്‍ മനസിലാക്കി കൊണ്ട് ചെറിയ വാഹനങ്ങള്‍ വരുമ്പോള്‍ അവരെ പോകാന്‍ അനുവദിക്കുക''
k b ganeshkumar instructions for ksrtc drivers
ksrtcfile image

തിരുവനന്തപുരം: യാത്രക്കാരെ പേടിപ്പിക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങ് വേണ്ടെന്നും സ്വകാര്യ ബസുകളോട് മത്സരിക്കേണ്ടെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് ആഹ്വാനം ചെയ്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുമായും ഇരുചക്ര വാഹനങ്ങളുമായുള്ള മത്സരം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓവര്‍ സ്പീഡ് ചെയ്യാതെയും വളരെ ശ്രദ്ധയോടും വാഹനം ഓടിച്ചാലും കൃത്യമായ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ റോഡുകളുടെ പരിമിതികള്‍ മനസിലാക്കി കൊണ്ട് ചെറിയ വാഹനങ്ങള്‍ വരുമ്പോള്‍ അവരെ പോകാന്‍ അനുവദിക്കുക. സ്‌കൂട്ടറിലും ബൈക്കുകളിലും കാറുകളിലും മറ്റും നമ്മുടെ വാഹനം ഇടിച്ചാല്‍ നമുക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍, അവരോട് ഒരു മത്സരത്തിന് നില്‍ക്കേണ്ട കാര്യമില്ല. ബൈക്കുകളും മറ്റും വന്ന് നമ്മുടെ ബസിന് മുന്നില്‍ നിന്ന് അഭ്യാസം കാണിക്കുന്ന ചിലരുണ്ട്. അവരോട് ഒരു മത്സരത്തിന് നില്‍ക്കാതിരിക്കുക. നിങ്ങള്‍ പക്വതയോടെ മാത്രം പെരുമാറാന്‍ ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസുകളുമായുള്ള മത്സരവും വേണ്ടെന്ന് വെക്കണം. മത്സരയോട്ടത്തിന് ചിലപ്പോള്‍ ഇരയാകേണ്ടി വരുന്നത് റോഡരികില്‍ നില്‍ക്കുന്ന ഏതെങ്കിലും നിഷ്‌കളങ്കനായിരിക്കും.

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട പരാതികളും മറ്റും പരിഹരിക്കുന്നതിന്‍റെ ഭാഗമായി മന്ത്രിയുടെ ഫെയ്സ്ബുക്ക് സംവാദത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം അദ്ദേഹം കണ്ടക്ടര്‍മാര്‍ക്കുള്ള സന്ദേശവും കൈമാറിയിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരെ പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞതായി ഗതാഗത മന്ത്രി അഭിപ്രായപ്പെട്ടു. ഒരാഴ്ച ഏഴ് അപകട മരണങ്ങൾ വരെയാണ് മുൻപു റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയിൽ രണ്ടായി കുറഞ്ഞു. ചില ആഴ്ചകളിൽ അപകടമരണം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയിൽ കുറഞ്ഞു. 35 അപകടങ്ങൾ ആഴ്ചയിൽ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സിഫ്റ്റ് ബസിൽ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ലെന്നും മന്ത്രി പറഞ്ഞു. ചെറിയ വാഹനങ്ങള്‍ക്ക് പരിഗണന നൽകണം. വീടിന്‍റെ നാഥനായ ആൾ അപകടത്തിൽ മരിച്ചാൽ കുടുംബം താറുമാറാകും. ബസ് നിർത്തുമ്പോൾ ഇടതുവശം ചേർത്തു നിർത്തണം. സ്റ്റോപ്പാണെങ്കിലും ബസുകൾ സമാന്തരമായി നിർത്തരുത്. മറ്റ് വാഹനങ്ങൾക്ക് അത് ബുദ്ധിമുട്ടാകും. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന അകലം ഉണ്ടാകണം. സ്വകാര്യ ബസുകളും ഈ നിർദേശം പാലിക്കണം.

ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ കർശന നടപടിയെടുക്കും. കൈ കാണിച്ചാൽ ബസ് നിർത്തണം. സ്റ്റോപ്പ് ഇല്ലെങ്കിലും രണ്ടോ മൂന്നോ ആളുകളുണ്ടെങ്കിൽ സൂപ്പർഫാസ്റ്റാണെങ്കിലും നിർത്തണം. ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ആളെ ഇറക്കണം. ബസില്‍ ആളുകള്‍ കയറി എന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കണം യാത്ര പുറപ്പടേണ്ടത്. അനാവശ്യമായി ഡീസൽ ഉപയോഗിക്കരുത്. ബസുകൾക്ക് തകരാർ കണ്ടാൽ ഉടൻ തന്നെ മെക്കാനിക്കൽ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.