

കെ. ബാബു
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു. മത്സരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. 1991 മുതൽ മത്സര രംഗത്തുണ്ട്. ഒരു തെരഞ്ഞെടുപ്പിൽ ഒഴികെ ആറെണ്ണത്തിലും വിജയിച്ചു. കോൺഗ്രസ്സ് പാർട്ടിയും തൃപ്പുണ്ണിത്തുറയിലെ ജനങ്ങളും ഒന്നുമല്ലാതിരുന്ന എന്നെ ഞാനാക്കി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലും ആരോഗ്യ കരണങ്ങളാലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ കെ ബാബു പ്രഖ്യാപിച്ചു. മത്സരിക്കാൻ താത്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി അറിയിക്കുന്നു.
കോൺഗ്രസിന് ബാലികേറാ മലയായിരുന്ന തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ എ.കെ. ആന്‍റണിയാണ് ആദ്യം ആവശ്യപ്പെട്ടത്. പോയി നോക്ക്, വേറൊന്നും ശരിയായില്ല എന്നായിരുന്നു എ.കെ. ആന്‍റണി അന്ന് പറഞ്ഞത്. പിന്നീടിങ്ങോട്ട് ഒരു തവണയൊഴികെ ആറ് തവണയും മണ്ഡലം നിലനിർത്താൻ കഴിഞ്ഞത് അഭിമാനകരമാണെന്നും കെ ബാബു ചൂണ്ടിക്കാട്ടി. തൃപ്പൂണിത്തുറ കോൺഗ്രസിന് ഇപ്പോഴും വിജയ സാധ്യതയുള്ള മണ്ഡലമാണ്. ഇക്കുറി ഭരണമാറ്റം വരുമ്പോൾ തൃപ്പൂണിത്തുറയിൽ നിന്നുള്ള അംഗം സർക്കാരിനെ പിന്തുണയ്ക്കാൻ ഉണ്ടാകും.
പകരക്കാരനായി താൻ ആരുടേയും പേര് നിർദ്ദേശിച്ചിട്ടില്ല. ആരുടേയും പേര് പറയുന്നത് ഉചിതമെല്ലെന്നാണ് വിശ്വാസമെന്നും കെ ബാബു പറഞ്ഞു. നേതൃത്വത്തിലെ ചിലർ അഭിപ്രായം തേടിയിരുന്നു എന്നും ബാബു പറഞ്ഞു. ശബരിമല വിഷയം തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രമല്ല വിശ്വാസികളെ മുഴുവൻ ബാധിക്കുന്ന ഒന്നാണ്. തൃപ്പൂണിത്തുറയിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ് എന്നും ബാബു കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിടാനും കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കാനും നെടുമ്പാശേരി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ, സമ്പൂർണ സോളാർവത്കരണം തുടങ്ങിയ പദ്ധതികൾക്ക് നേതൃത്വം നൽകാനും കഴിഞ്ഞു. സംഘടനാ രംഗത്ത് തുടരുമോയെന്ന ചോദ്യത്തിന് ഏതായാലും സന്യസിക്കാൻ പോകുന്നില്ല എന്നായിരുന്നു കെ ബാബുവിന്‍റെ മറുപടി. യുഡിഎഫ് ജില്ലാ കൺവീനർ ഡൊമിനിക് പ്രെസെന്‍റെഷനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.