

വന്ദേഭാരത് ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആലപ്പുഴ വഴി അനുവദിക്കണം: കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: കേരളത്തിന് അനുവദിക്കുന്ന ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആലപ്പുഴ വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തു നല്‍കി. തീരദേശ പാതയായ ആലപ്പുഴ വഴി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് അനുവദിക്കുന്നതിലൂടെ കോട്ടയം, പത്തനംതിട്ട, കൊല്ലം തുടങ്ങിയ മൂന്ന് ജില്ലകളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
തിരക്ക് കുറയ്ക്കുന്നതിനും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഇതുവഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ ഓവര്‍ബുക്കിംഗ് കാരണം പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്.
വിദ്യാർഥികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്ന പാത കൂടിയാണിത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയൊരു പങ്ക് സംഭാവന ചെയ്യുന്ന പാത ആയിരുന്നിട്ടും ആവശ്യത്തിന് സര്‍വീസുകള്‍ ലഭിക്കാത്തത് വലിയ യാത്രാക്ലേശമാണ് സൃഷ്ടിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.