

കെ.സി. വേണുഗോപാല്‍
തിരുവന്തപുരം: കേരളത്തിലെ ഓരോ പൗരനും നീതി ഉറപ്പാക്കുന്ന ഭരണമായിരിക്കും യുഡിഎഫിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ആഭ്യന്തര വകുപ്പ് ഒരു വിഭാഗത്തിന് മാത്രമായി നല്‍കുമെന്ന സിപിഎം നേതാവിന് മറുപടിപോലും അര്‍ഹിക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ രാഷ്ട്രീയം സംസ്‌കാരം ഫാസിസം എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു കെസി വേണുഗോപാല്‍.
യുഡിഎഫ് എല്ലാ മതവിഭാഗങ്ങളെയും ചേര്‍ത്ത് പിടിക്കുന്ന പ്രസ്ഥാനമാണ്. പത്ത് വോട്ടിന് വേണ്ടി മതങ്ങളെ തമ്മിലടിപ്പിക്കാന്‍ നില്‍ക്കാറില്ല. അസത്യം ഉപയോഗിച്ച് ഭാവനാ നിര്‍മ്മിതി ഉണ്ടാക്കി അതിലൂടെ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നതാണ് ദേശീയതലത്തില്‍ ബിജെപിയും കേരളത്തില്‍ സിപിഎമ്മും ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ പ്രസംഗത്തിന്‍റെ സ്വഭാവത്തിലാണ് സിപിഎമ്മിന്‍റെ പാലക്കാട് നിന്നുള്ള നേതാവ് സംസാരിച്ചത്. അതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു.
ഒരു വര്‍ഗീയ സംഘടനയുമായി മുന്നണിയുണ്ടാക്കി വോട്ട് വാങ്ങാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അത് ദേശീയ നിലപാടാണ്. ജമാഅത്ത ഇസ്ലാമിയെ പലഘട്ടത്തിലും പ്രശംസിച്ച് നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍. ഇല്ലാത്ത ബന്ധത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎം കുറഞ്ഞത് കഴിഞ്ഞ കാലത്ത് അവരുണ്ടാക്കിയ ജമാഅത്താ ഇസ്ലാമി ബന്ധത്തെ തള്ളിപ്പറയാനെങ്കിലും തയ്യാറാകണം.
സിപിഎമ്മിന്‍റെയും ബിജെപിയുടെയും നേതാക്കള്‍ തമ്മിലുള്ള അന്തര്‍ധാര അവരുടെ അണികള്‍ തന്നെ പൊളിച്ചടുക്കും.ഭരണാധികാരികള്‍ വിമര്‍ശനത്തിന് വിധേയമാകുകയും സ്വയം വിമര്‍ശനം നടത്തുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ അരക്കിട്ട് ഉറപ്പിക്കപ്പെടുന്നത്. വിമര്‍ശനങ്ങളോട് സഹിഷ്ണുത കാണിക്കണം. കേരളത്തിലെ മുഖ്യമന്ത്രിയുടെ ചില സമീപനങ്ങളും ശൈലികളും മോദിയുടെ പതിപ്പ് പോലെയാണ്. ഹിറ്റ്‌ലറിനും മുസ്സോളിനിക്കും ഇരട്ടപേരുണ്ടായിരുന്നത് പോലെയാണ് മോദിയെ വിശ്വഗുരുവെന്നും പിണറായി വിജയനെ ക്യാപ്റ്റനെന്നും വിശേഷിപ്പിക്കുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ ആക്രമണമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ആര്‍എസ്എസ് ആസ്ഥാനത്ത് നിശ്ചയിക്കുന്ന ഡിസൈന്‍ നിയമനിര്‍മ്മാണങ്ങളിലൂടെ അടിച്ചേല്‍പ്പിക്കുകയാണ്. സര്‍ക്കാര്‍ ഭരണനിര്‍വ്വഹണത്തില്‍ പരാജയപ്പെടുമ്പോള്‍ അതിനെ അതിജീവിക്കാന്‍ വിഭാഗീയത വളര്‍ത്തുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നത് ഏതെങ്കിലും മതത്തിന്‍റെ മാത്രമല്ല.ജനക്ഷേമത്തേക്കാള്‍ വര്‍ഗീയതയും വിഭാഗീയതയും വളര്‍ത്തി രാഷ്ട്രീയ ലക്ഷ്യം നേടാനാണ് ഭരണകൂടം ശ്രമിക്കുന്നത്.എല്ലാക്കാലത്തും ബിജെപിയുടെ അത്തരം വര്‍ഗീയ കെണിയില്‍ ജനം വീഴില്ലെന്നത് തിരിച്ചറിയണം. ഏകാധിപത്യ നടപടികള്‍ക്കെതിരായ ശക്തമായ ജനമുന്നേറ്റം ഉണ്ടാകും.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പുതുതലമുറയെ പഠിപ്പിക്കാതിരിക്കുക എന്നതാണ് ഇന്നത്തെ ഭരണാധികാരികളുടെ അജണ്ട.ചരിത്രത്തെ വളച്ചൊടിക്കുന്നതും ചരിത്ര നായകരെ തമസ്‌കരിക്കുന്നതും അതിന്‍റെ ഭാഗമാണ്. ഫാസിസത്തിന്‍റെ യഥാര്‍ഥ മുഖങ്ങളിലേക്ക് അടുക്കുകയാണ് മോദി ഭരണകൂടം. അതിനായി ചില മാധ്യമങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്നു. പ്രതിപക്ഷ ശബ്ദത്തെ വേണ്ട ഗൗരവത്തോടെ അവതരിപ്പിക്കാന്‍ ചിലപ്പോഴെങ്കിലും മാധ്യമങ്ങള്‍ മടിക്കുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പോലും മോദി ഭരണകൂടം നിയന്ത്രണം കൊണ്ടുവന്നു. അതിനോട് പ്രതികരിക്കാന്‍ പോലും മാധ്യമ മേഖല തയ്യാറാകുന്നില്ല.വിഭജന രാഷ്ട്രീയത്തെ മറികടക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.സമസ്തമേഖലയിലെ ജനകീയ പ്രശ്‌നങ്ങളും ഏറ്റെടുത്ത് പോരാട്ടം നടത്തുകയാണ് ഇതിനുള്ള മരുന്ന്. അന്തിമ വിജയം എപ്പോഴും ജനാധിപത്യത്തിനാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.