കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്‍റെ പേര് മുന്നോട്ടുവച്ചത്
കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും | K Jayakumar likely to be Devaswom board president

കെ. ജയകുമാർ.

File photo

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ആരോപണങ്ങളുടെ പടുകുഴിയിൽ കിടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കെ. ജയകുമാറിന്‍റെ പ്രസിഡന്‍റാക്കുന്നത് പരിഗണനയിൽ.

മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് ശബരിമല ഹൈ പവർ കമ്മിറ്റിയുടെ മുൻ ചെയർമാനും, രണ്ടുതവണ സ്പെഷ്യൽ കമ്മിഷണറും, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനുമായിരുന്ന മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്‍റെ പേര് മുന്നോട്ടുവച്ചത്.

സിപിഎം നേതാക്കളായ ഹരിപ്പാട് മുൻ എംഎൽഎയും കയർഫെഡ് ചെയർമാനുമായ ടി.കെ. ദേവകുമാർ, മുന്‍ എംപി എ. സമ്പത്ത്, എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർഉള്‍പ്പെടെയുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.

16നു വൃശ്ചിക മാസം പിറന്ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നിലവിലെ ബോര്‍ഡിന്‍റെ കാലാവധി 2026 ജൂണ്‍ വരെ ഓർഡിനൻസിലൂടെ നീട്ടാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.

എന്നാൽ, അതിനിടെ സ്വർണക്കൊള്ള വിവാദത്തിൽ ഹൈക്കോടതി ഈ ബോർഡ് ഭരണത്തിനെതിരേയും തിരിഞ്ഞതോടെ കാലാവധി നീട്ടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി.

അതേസമയം, പുതിയ ഭരണ സമിതിയുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. കുവൈറ്റ് പര്യടനത്തിലാണ് മുഖ്യമന്ത്രി. അദ്ദേഹവുമായി ആശയവിനിമയം നടത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന് ദേവസ്വം മന്ത്രി വി.എൻ.‌ വാസവൻ പറഞ്ഞു. ശനിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എസ്. പ്രശാന്ത് പ്രസിഡന്‍റായ നിലവിലെ ബോര്‍ഡിന്‍റെ കാലാവധി നീട്ടിനല്‍കേണ്ടെന്നു ധാരണയായി. പ്രശാന്തിന്‍റെയും രണ്ടു ബോർഡ് അംഗങ്ങളിൽ എ. അജികുമാറിന്‍റെയും കാലാവധി 12ന് അവസാനിക്കും. ബോര്‍ഡിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ സിപിഐ തീരുമാനിച്ചിട്ടുണ്ട്. പട്ടികജാതി- വർഗ സംവരണത്തിൽ സിപിഎം നേതാവ് പി.ഡി. സന്തോഷ് കുമാർ രണ്ടുമാസം മുമ്പാണ് ചുമതലയേറ്റത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com