

കെ. ജയകുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശമില്ലെന്ന് കെ. ജയകുമാർ. കാലാവധി പൂർത്തിയാക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി. രാജി സന്നദ്ധത അറിയിച്ചുവെന്ന മാധ‍്യമ വാർത്തകൾ തള്ളിയ ജയകുമാർ 2027 നവംബർ വരെ സ്ഥാനത്ത് തുടരുമെന്ന് വ‍്യക്തമാക്കി.
പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞ അദ്ദേഹം അടിസ്ഥാനപരമായി മന്ത്രിയുമായി ഒരു പ്രശ്നവുമില്ലെന്നും പറഞ്ഞു തീർക്കേണ്ട കാര‍്യങ്ങൾ മാത്രമെയുള്ളൂവെന്നും കൂട്ടിച്ചേർത്തു.
ഭരണസമിതി അംഗങ്ങളെ ജയകുമാർ രാജി സന്നദ്ധത അറിയിച്ചുവെന്നായിരുന്നു മാധ‍്യമങ്ങളിൽ പ്രചരിച്ചത്. തിരുവോണ ദിവസം ശബരിമലയിൽ രണ്ടു തരത്തിൽ ഭക്ഷണം വിളമ്പിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. എന്നാൽ മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നായിരുന്നു ജയകുമാറിന്‍റെ മറുപടി. ഇതോടെ ശബരിമലയിലെ തിരുവോണ സദ‍്യ വിവാദമാകുകയായിരുന്നു.