

കെ. മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികാരോപണം ഉയർന്നതിനു പിന്നാലെ യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനം രാജിവച്ച പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരനെ തള്ളി കെ. മുരളീധരൻ.
രാഹുൽ നിലവിൽ സസ്പെൻഷനിലാണെന്നും നേതാക്കളോടൊപ്പം വേദി പങ്കിടാൻ രാഹുലിന് അനുമതിയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. കൂടുതൽ നടപടി പാർട്ടിക്ക് നിലവിൽ സ്വീകരിക്കാൻ സാധിക്കില്ലെന്നു പറഞ്ഞ മുരളീധരൻ പെൺകുട്ടി ധൈര‍്യമായി മുന്നോട്ടു വരട്ടെയെന്നും മുന്നോട്ടു വന്നാൽ പൊതു സമൂഹം പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു രാഹുലിനെ പിന്തുണച്ച് കെ. സുധാകരൻ രംഗത്തെത്തിയത്. രാഹുലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും രാഹുൽ നിരപരാധിയാണെന്നുമായിരുന്നു സുധാകരന്‍റെ പരാമർശം. രാഹുലിനൊപ്പം താൻ വേദി പങ്കിടുമെന്നും രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയെന്നും സുധാകരൻ പറഞ്ഞിരുന്നു.