ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം
K P Yohannan
K P Yohannan

തിരുവല്ല: പത്തനംതിട്ട തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (ബിഷപ്പ് കെ.പി. യോഹന്നാൻ (74) അന്തരിച്ചു. അമെരിക്കയിലെ ടെക്സസിലുള്ള ഡാലസിൽ പ്രഭാത സവാരിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചര്‍ച്ചിന്‍റെ നോര്‍ത്ത് അമെരിക്കന്‍ ഭദ്രാസനത്തിനു സമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30നായിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റു. ഉടന്‍ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. 5 ദിവസം മുന്‍പാണ് മെത്രാപ്പൊലീത്ത അമെരിക്കയില്‍ എത്തിയത്. 300 ഏക്കര്‍ വിസ്തൃതിയിലുള്ള ഭദ്രാസനത്തിനകത്തായിരുന്നു സാധാരണ രാവിലെ നടക്കാറുണ്ടായിരുന്നത്.

തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ അദ്ദേഹം ഗോസ്പൽ ഫോർ ഏഷ്യ എന്ന പെന്തകോസ്തൽ സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്. മാർത്തോമാ സഭയിലായിരുന്ന അദ്ദേഹം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷ വേലയിലേക്കു തിരിഞ്ഞു. 1966 മുതൽ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി. 1974ൽ അമെരിക്കയിൽ ദൈവശാസ്‌ത്ര പഠനത്തിനായി പോയി. മുൻപേ പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷക ഗിസിലയെ ജീവിതപങ്കാളിയായി സ്വീകരിച്ചു.

1979ൽ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്‌ക്കു രൂപം നൽകി. വൈകാതെ കേരളത്തിൽ തിരിച്ചെത്തി. ആത്മീയയാത്ര എന്ന റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത് അടുത്ത കാലത്താണ്.

തിരുവല്ല കുറ്റപ്പുഴ ആസ്ഥാനമായ ബിലീവേഴ്സ് സഭയോടു ചേർന്ന് ബിലീവേഴ്സ് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളെജ് ആശുപത്രി സ്ഥാപിച്ചു. 52 ബൈബിൾ കോളെജുകൾ ഉൾപ്പെടെ 100ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. 300ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പുനർനാമകരണം ചെയ്തത് പൗരസ്ത്യ ക്രൈസ്തവ ആരാധനാക്രമത്തോടുള്ള മതിപ്പും ആദരവും മൂലമാണ്.

ക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരെ അനുസ്മരിപ്പിക്കും വിധം മെത്രാപ്പൊലീത്ത ഉൾപ്പെടെ 12 ബിഷപ്പുമാരാണ് ബിലീവേഴ്സ് സഭയുടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭദ്രാസനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഇദ്ദേഹത്തിന്‍റെ കൈവശമുള്ള എരുമേലി ചെറുവള്ളി എസ്റ്റേറ്റാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ശബരിമല വിമാനത്താവളം നിർമിക്കാൻ പദ്ധതിയിടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com