
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ അധിക്ഷേപം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഒട്ടനവധി മഹാന്മാരായ നേതാക്കൾ അലങ്കരിച്ച പദവിയിലിരുന്നാണ് സുധാകരൻ സംസ്കാര ശൂന്യവും പൊതു സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതുമായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതെന്ന് കെ രാധാകൃഷ്‌ണൻ പറഞ്ഞു.
വിമോചന സമരകാലത്ത് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പരിസരങ്ങളെ മലീമസമാക്കിയ പദപ്രയോഗങ്ങൾ കോൺഗ്രസുകാർ നടത്തിയതിൻ്റെ തുടർച്ചയാണിതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും കേരളത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന തുടർ ഭരണത്തിൽ വിറളി പിടിച്ചും ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്നും ബോധ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇത്തരത്തിൽ പരിഹാസ്യമായ നിലപാടുകൾ സ്വീകരിക്കുന്നത് പിണറായി വിജയനെതിരെ മാത്രമല്ല, മലയാളികളോട് ആകെയുള്ള കലി തുള്ളലാണെന്നും മന്ത്രി കെ രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
മന്ത്രി കെ രാധാകൃഷ്‌ണൻ്റെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിൻ്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ അധിക്ഷേപം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഒട്ടനവധി മഹാന്മാരായ നേതാക്കൾ അലങ്കരിച്ച പദവിയിലിരുന്നാണ് സുധാകരൻ സംസ്കാര ശൂന്യവും പൊതു സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതുമായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നത്.
വിമോചന സമരകാലത്ത് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പരിസരങ്ങളെ മലീമസമാക്കിയ പദപ്രയോഗങ്ങൾ കോൺഗ്രസുകാർ നടത്തിയതിന്റെ തുടർച്ചയാണിതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
മലയാളക്കരയെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന, ക്ഷേമ പ്രവർത്തനങ്ങളാൽ ഒരു ജനതയെയാകെ ചേർത്തുപിടിച്ച സഖാവ് പിണറായി വിജയനും എൽഡിഎഫ് സർക്കാരും മലയാളികൾക്ക് അഭിമാനമാണെന്നതിൻ്റെ പ്രഖ്യാപനമായിരുന്നു തുടർ ഭരണം. ഇതിൽ വിറളി പിടിച്ചും ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്നും ബോധ്യപ്പെട്ടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇത്തരത്തിൽ പരിഹാസ്യമായ നിലപാടുകൾ സ്വീകരിക്കുന്നത്. ഇത് സഖാവ് പിണറായി വിജയനെതിരെ മാത്രമല്ല, മലയാളികളോട് ആകെയുള്ള കലി തുള്ളലാണ്.
വേണ്ടി വന്നാൽ I will go to BJP എന്നു പ്രഖ്യാപിച്ച സുധാകരനും RSS തലയ്ക്ക് ഇനാം പ്രഖ്യാപിച്ച സഖാവ് പിണറായിയും വർഗീയതയ്ക്കെതിരായ രണ്ട് രാഷ്ട്രീയ നിലപാടുകളുടെ പ്രതീകങ്ങളാണ്.