"എനിക്ക് ഭൂമിയിൽ സമയം വളരെ കുറവാണ്..."; ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിയുന്നതായി കെ. സച്ചിദാനന്ദൻ
തൃശൂർ: സാഹിത്യ അക്കാദമി പ്രസിഡന്‍റ് പദവി ഉൾപ്പടെയുള്ള എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നു എന്നറിയിച്ച് കവി കെ. സച്ചിദാനന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സാഹിത്യ അക്കാദമി, അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ്മ ഫൗണ്ടേഷന്‍, ദേശീയ മാനവികവേദി തുടങ്ങിയ പ്രസ്ഥാനങ്ങളിലെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിയുകയാണെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
നേരത്തെ പൊതുയോഗങ്ങളും പ്രസംഗങ്ങളും ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് പദവികള്‍ ഒഴിവാക്കാനും പൊതുജീവിതം അവസാനിപ്പിക്കാനും സച്ചിദാനനന്ദന്‍ തീരുമാനിച്ചിരിക്കുന്നത്. മറവി രോഗത്തിന് ചികിത്സയിലാണെന്നും അദ്ദേഹം മുന്‍പത്തെ ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 'എനിക്ക് ഭൂമിയിലെ സമയം വളരെ കുറവാണ്. ഇതിനകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ലാപ് ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. സംഘടനകളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണ്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളില്‍ നിന്ന് ഒഴിയുന്നുവെന്നും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ എഡിറ്റിങ് ജോലികളില്‍ നിന്നും പിന്‍വാങ്ങുന്നു' സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
