കേരള ഗാനം: തള്ളിയത് സാംസ്കാരിക വകുപ്പ്; പുതിയ വാദവുമായി സച്ചിദാനന്ദൻ

കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണു അക്കാഡമി അധ്യക്ഷനായ താനെന്നും സച്ചിദാനന്ദൻ.
K Satchidanandan
K Satchidanandan

തൃശൂർ: ശ്രീകുമാരന്‍ തമ്പി രചിച്ച കേരള ഗാനം നിരസിച്ചതുമായ ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി കേരള സാഹിത്യ അക്കാഡമി പ്രസിഡന്‍റ് സച്ചിദാനന്ദൻ. തമ്പിയോട് പാട്ട് ചോദിക്കാന്‍ അക്കാദമി സെക്രട്ടറിക്ക് നിർദേശം നല്‍കിയത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയാണെന്നാണു പുതിയ വാദം. വകുപ്പ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ് തമ്പി എഴുതിയ ഗാനം നിരസിച്ചതെന്നും കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണു അക്കാഡമി അധ്യക്ഷനായ താനെന്നും സച്ചിദാനന്ദൻ.

വസ്തുനിഷ്ഠ കാരണങ്ങളാല്‍ തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി ഒരാളും കരുതിയില്ല. കേരള ഗാനം പദ്ധതി സര്‍ക്കാരിന്‍റേതാണ്. ഗാനങ്ങള്‍ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലര്‍ നിര്‍ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സര്‍ക്കാര്‍ കമ്മിറ്റി അംഗീകരിക്കുമ്പോള്‍ മാത്രമേ ഉണ്ടാകൂ. സത്യങ്ങള്‍ വ്യക്തമാക്കി ശ്രീകുമാരന്‍ തമ്പിക്ക് നേരിട്ട് ഇമെയ്‌ല്‍ അയച്ചിട്ടുണ്ടെന്നും സച്ചിദാനന്ദന്‍.

സാഹിത്യ അക്കാഡമി ആവശ്യപ്പെട്ട് കേരളഗാനം എഴുതിപ്പിച്ച ശേഷം ഒരു മറുപടിയും നൽകാതെ മറ്റുള്ളവരിൽ നിന്ന് ഗാനം ആവശ്യപ്പെട്ടു പരസ്യം നൽകിയെന്നു ശ്രീകുമാരൻ തമ്പി ആരോപിച്ചതോടെയാണു വിഷയത്തിൽ വിവാദം കനത്തത്. തമ്പിയുടെ ഗാനത്തിന് നിലവാരമില്ലെന്നാണ് വിദഗ്ധ സമിതി കണ്ടെത്തലാണ് നിരസിക്കാൻ കാരണമെന്നായിരുന്നു സച്ചിദാനന്ദന്‍റെ വാദം. എം.ലീലാവതി ഉൾപ്പെട്ട കമ്മിറ്റിയാണിതു കണ്ടെത്തിയതെന്നും സച്ചിദാനന്ദൻ അവകാശപ്പെട്ടു. പാട്ട് താൻ കണ്ടിട്ടില്ലെന്നു ലീലാവതി വ്യക്തമാക്കിയതോടെ അക്കാഡമി വെട്ടിലായി. സച്ചിദാനന്ദൻ തന്നെ ബോധപൂർവം അപമാനിച്ചെന്ന ആരോപണവുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.