'നിയമസഭാ മന്ദിരത്തില്‍ ചൊറിയണം നടുന്നതാണ് ഭേദം, കേരള നിയമസഭ ജീർണതയുടെ മൂര്‍ധന്യത്തിൽ '; സുധാകരൻ

പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടി‍യാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിന്‍റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണ്
'നിയമസഭാ മന്ദിരത്തില്‍ ചൊറിയണം നടുന്നതാണ് ഭേദം,  കേരള നിയമസഭ ജീർണതയുടെ മൂര്‍ധന്യത്തിൽ '; സുധാകരൻ
Updated on

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് ആർ സുഗതൻ ജീവിച്ചിരുന്നെങ്കിൽ സെക്രട്ടേറിയേറ്റ് നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. സുഗതൻ മുൻപ് സെക്രട്ടേറിയേറ്റിനെക്കുറിച്ചാണ് പറഞ്ഞതെങ്കിലും ഇപ്പോൾ രണ്ടിടത്തും ബാധകമാണ്. ജീർണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭ, ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾ നീറിപുകയുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന റൂൾ 50 അനുസരിച്ചുള്ള അടിയന്തര പ്രമേയം ഇല്ലാതാക്കിയ മുഖ്യമന്ത്രി എന്നാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ അറിപ്പെടുക എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവാക്കി പ്രവര്‍ത്തിക്കുന്ന സഭാ ടിവി ഇപ്പോള്‍ പാര്‍ട്ടി ചാനല്‍ പോലെയാണ്. ഭരണകക്ഷികളുടെ മുഖം മാത്രം കാണിക്കുകയും അവരുടെ പ്രസംഗം മാത്രം കേള്‍പ്പിക്കുകയും ചെയ്യുന്ന സഭാ ടിവി തികച്ചും പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത്. ക്രൂരമായി മര്‍ദനമേറ്റ പ്രതിപക്ഷത്തെ 7 എംഎല്‍എമാര്‍ക്കെതിരേ ജാമ്യമില്ലാ കേസും ഭരണപക്ഷത്തെ 2 പേര്‍ക്കെതിരേ ജാമ്യമുള്ള കേസുമെടുത്ത് പിണറായിയുടെ പൊലീസ് വീണ്ടും രാജഭക്തി തെളിയിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടി‍യാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിന്‍റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണ്. 2001 മുതല്‍ പറവൂരില്‍ നിന്ന് തുടര്‍ച്ചയായി ജയിക്കുകയും മികച്ച പാര്‍ലമെന്‍റേറിയനായി അടയാളപ്പെടുത്തുകയും ചെയ്ത ആളാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത്തരമൊരാളോട് കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com