പുനഃസംഘടനാ നീക്കങ്ങളില്‍ അതൃപ്തി; പരാതിക്കൊരുങ്ങി സുധാകരൻ

പുനഃസംഘടനയുടെ പേരിൽ നടക്കുന്ന ചര്‍ച്ചകളിലെ നീരസം അദ്ദേഹം മുതിർന്ന നേതാക്കളെ അറിയിച്ചിരുന്നു
k sudhakaran about congress reorganization
കെ. സുധാകരൻ file image
Updated on

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു തന്നെ മാറ്റിയേക്കുമെന്ന തരത്തിൽ ഉയരുന്ന ചർച്ചകളിൽ അതൃപ്തി രേഖപ്പെടുത്തി കെ. സുധാകരൻ. പാർട്ടിയിൽ തനിക്കെതിരേ നടക്കുന്ന നീക്കങ്ങളിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഇന്നു നേരിട്ട് കണ്ട് പരാതിയറിയിക്കും. തന്നെ ഒറ്റപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നാണ് സുധാകരന്‍റെ പ്രധാന പരാതി.

പുനഃസംഘടനയുടെ പേരിൽ നടക്കുന്ന ചര്‍ച്ചകളിലെ നീരസം അദ്ദേഹം മുതിർന്ന നേതാക്കളെ അറിയിച്ചിരുന്നു. തന്നെ അറിയിക്കാതെ എന്തുകൊണ്ടാണ് പുനഃസംഘടനാ തീരുമാനമെന്നും സുധാകരന്‍ ചോദിക്കുന്നു. തന്നെ മാറ്റാന്‍ വേണ്ടിയാണോ പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ദീപദാസ് മുന്‍ഷി ഓരോ നേതാക്കളെയും നേരില്‍ കാണുന്നതെന്നാണു സുധാകരന്‍റെ ചോദ്യം. അധ്യക്ഷ സ്ഥാനത്ത് നിന്ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നീക്കുകയാണെങ്കിൽ എംപി സ്ഥാനത്തും മാറുമെന്നുമാണ് സുധാകരന്‍റെ നിലപാട്.

അതേസമയം, നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ സുധാകരനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും നീക്കണമെന്ന ആവശ്യവും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇവരുടെ ഭിന്നത സംഘടനാ സംവിധാനത്തെ സാരമായി ബാധിക്കുന്നു എന്നാണ് മുതിർന്ന നേതാക്കളടക്കം ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലു, ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ്മുന്‍ഷി എന്നിവർ കേന്ദ്രനേതൃത്വത്തിന് അധ്യക്ഷ സ്ഥാനത്തേക്കുള്ള നേതാക്കളുടെ പേരുകള്‍ സമര്‍പ്പിച്ചേക്കും. മത-സാമുദായിക,ഗ്രൂപ്പ് സന്തുലനം പാലിക്കും വിധമായിരിക്കും പുതിയ പ്രസിഡന്‍റിനെ തീരുമാനിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com