'സാധാരണക്കാരന്‍റെ കണ്ണീർ കാണാതെ പിണറായി നേട്ടങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുന്നു, ചരിത്രം നിങ്ങളെ വെറുതെ വിടില്ല', സുധാകരൻ

''ഉമ്മൻ ചാണ്ടി തുടക്കം കുറിച്ച മെട്രൊ റെയിലും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമെല്ലാം ഉദ്ഘാടനം ചെയ്യാൻ പിണറായിക്ക് ഉളുപ്പുണ്ടായില്ലല്ലോ''
K. Sudhakaran
K. Sudhakaranfile image

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ വിമർശിക്കുകയും കല്ലെറിയാനും ആക്രമിക്കാനും നിർദേശം നൽകിയ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് ഇന്ന് കോൺഗ്രസ് നവകേരള സദസ് ബഹിഷ്ക്കരിച്ചതിനെ കുറ്റം പറയാൻ എന്ത് അർഹതയാണുള്ളതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. സാധാരണക്കാർക്ക് വേദിയിൽ സ്ഥാനമില്ലാത്തതിനാലാണ് കോൺഗ്രസ് പരിപാടി ബഹിഷ്ക്കരിച്ചത്. മഞ്ചേശ്വരത്ത് പരിപാടി നടത്തി മടങ്ങിയതല്ലാതെ ഒരു പരാതിയെങ്കിലും പരിഹരിക്കുകയോ ആർക്കെങ്കിലും ധനസഹായം നൽകുകയോ ചെയ്തോ എന്നും സുധാകരൻ ചോദിച്ചു.

ഉമ്മന്‍ ചാണ്ടി 2011, 2013, 2015 വര്‍ഷങ്ങളില്‍ മൂന്നു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍കോഡ് ജില്ലയിലെ 94,696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവര്‍ക്ക് 11.94 കോടി രൂപയും വിതരണം ചെയ്തു. 47 മണിക്കൂര്‍ അദ്ദേഹം കാസര്‍കോഡ് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.

യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിലിത്ര വികസനമുണ്ടാവുമോ എന്ന് ചോദിച്ച പിണറായിക്ക് അപാര തൊലിക്കട്ടിയാണ്. യുഡിഎഫ് കൊണ്ടു വന്നതല്ലാതെ കേരളത്തിലിന്ന് എന്താണ് ഉള്ളത്. ഉമ്മൻ ചാണ്ടി തുടക്കം കുറിച്ച മെട്രൊ റെയിലും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമെല്ലാം ഉദ്ഘാടനം ചെയ്യാൻ പിണറായിക്ക് ഉളുപ്പുണ്ടായില്ലല്ലോ, എന്നിട്ട് എവിടെയെങ്കിലും ഉമ്മൻ ചാണ്ടിയുടെ പേര് ഒന്ന് പരാമർശിക്കാൻ തോന്നിയോ എന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഞങ്ങൾ പരാജയപ്പെട്ടു എന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയാണ് ഒമല്ലൂരിലെ ലോട്ടറി കച്ചവടക്കാരൻ ഗോപിയും തകഴിയില്‍ നെല്‍കര്‍ഷകന്‍ പ്രസാദും വയനാട്ടില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച സുബ്രഹ്‌മണ്യനും ആത്മഹത്യ ചെയ്തത്. രണ്ട് പ്രായമായ അമ്മമാർ ജീവിക്കാനായി പിച്ചെടുത്തപ്പോൾ അവരുടെ വീടുകളിലേക്ക് കല്ലെറിഞ്ഞവരാണ് സിപിഎമ്മുകാർ. ഇങ്ങനെ കേരളത്തിലെ സാധാരണക്കാർ ദുരിതമനുഭവിക്കുമ്പോൾ എങ്ങനെയാണ് കേരളത്തിന്‍റെ നേട്ടങ്ങളെന്ന് വിശദീകരിച്ച് രാജാപ്പാര്‍ട്ടില്‍ ഇരിക്കാനാവുന്നത്. അവിടെ നിന്നും ഇറങ്ങിവന്ന് ജനങ്ങളുടെ കണ്ണീര്‍ തുടച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളെ വെറുതെ വിടില്ലെന്ന് സുധാകരന്‍ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com