തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. എം.വി. ഗോവിന്ദൻ കാട്ടുകള്ളൻ എ.സി. മൊയ്തീന് കുടപിടിക്കുകയാണെന്നായിരുന്നു സുധാകരന്‍റെ ആരോപണം. ഭീമമായ തട്ടിപ്പിനെ ഇഡി പുറത്തു കൊണ്ടു വരാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിലെത്തുന്നതുമായി താരതമ്യം ചെയ്ത് നിസാരവത്ക്കരിക്കാനാണ് എം.വി. ഗോവിന്ദൻ ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
''സോണിയ ഗാന്ധി 3 തവണയും രാഹുൽ 6 തവണയും ഞാൻ 2 തവണയും ഇഡിക്ക് മുന്നിൽ ഹാജരായത് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യത്തോടെ നിർഭയമായാണ്. സുദീർഘമായി ചോദ്യം ചെയ്തിട്ടും ഇഡിക്ക് ഒന്നും ചെയ്യാനാവാത്തത് സത്യത്തിന്‍റെ പിൻബലത്താലാണ്.
മൊയ്തീൻ ഹാജരായത് 2 തവണ നോട്ടീസ് നൽകിയ ശേഷമാണ്. വീണ്ടും അദ്ദേഹം ഹാജരാവാതെ ഓടിയൊളിക്കുകയാണ്. 500 കോടിയുടെ കള്ളപ്പണ ഇടപാട്, 500 പവന്‍റെ സ്വര്‍ണ ഇടപാട്, കോടികളുടെ ബെനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, ജീവനക്കാരെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും വഞ്ചിക്കല്‍ തുടങ്ങി ചിന്താതീതമായ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്.
സിപിഎമ്മിന്‍റെ പ്രദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾക്കു വരെ തട്ടിപ്പിൽ പങ്കുണ്ട്. കേരളത്തിന്‍റെ അത്താണിയായ സഹകരണ ബാങ്കുകളെ സിപിഎം അഴിമതി കേന്ദ്രങ്ങളാക്കി മാറ്റുകയാണ്'' - സുധാകരൻ പറഞ്ഞു.