കണ്ണൂർ: മുഖ‍്യമന്ത്രിക്ക് പിആർ എജൻസി ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കെപിസിസി അധ‍്യക്ഷന്‍ കെ.സുധാകരൻ. ഒരു കാര‍്യം പറയുമ്പോൾ പറയുന്ന കാര‍്യത്തിന് ആധികാരികത വേണം. നേരിട്ട് പറഞ്ഞ കാര‍്യത്തെ പറ്റി ഉറച്ചുനിൽക്കാനുള്ള ചങ്കൂറ്റവും നട്ടെല്ലുമില്ലാത്ത മുഖ‍്യമന്ത്രിയാണ് പിണറായിയെന്നും സുധാകരൻ ആരോപിച്ചു. കണ്ണൂർ മഹാത്മ മന്ദിരത്തിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
ഇത്ര ആത്മാർത്ഥയില്ലാത്ത സത‍്യസന്ധതയില്ലാത്ത മുഖ‍്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ടാകില്ല. മുൻപ് ഇടപതുപക്ഷത്തിന്‍റെ മുഖ‍്യമന്ത്രിയായിരുന്ന ഇഎംഎസ്, അച‍്യുതമേനോൻ, അച‍്യുതാനന്ദൻ എന്നിവരെ പറ്റിയൊന്നും ഞങ്ങൾ ഇതു പറഞ്ഞിട്ടില്ല. പിണറായി വിജയനെ പറയുന്നത് അദേഹം എന്തോ ഒരു ഭീകരജീവിയായിട്ടല്ല കോടികൾ ഉണ്ടാക്കുക മാത്രമാണ് അദേഹത്തിന്‍റെ ലക്ഷ‍്യമെന്നും സുധാകരൻ പറഞ്ഞു.
ശശിയെ കണ്ണൂരുക്കാർക്ക് അറിയാം. രണ്ടുപെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് ശശിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണ്. പിണറായി വിജയന്‍റെ ബിജെപി ബന്ധം പുത്തരിയല്ലെന്നും 77 ൽ കൂത്തുപറമ്പിൽ ബിജെപി പിൻതുണയോടെ മത്സരിച്ച ആളാണ് പിണറായിയെന്നും സുധാകരൻ ആരോപിച്ചു.