കോൺഗ്രസിനെ ജനകീയമാക്കി, ഗ്രൂപ്പ് കലഹങ്ങൾ ഇല്ലാതാക്കി...; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സുധാകരൻ

''സിപിഎമ്മിനെതിരായ പോരാട്ടത്തിൽ ഒരു പടക്കുതിരയെപോലെ ഞാൻ മുന്നിലുണ്ടാവും''
k sudhakaran points out his tenure positives

കെ. സുധാകരൻ

Updated on

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനം കൈമാറുന്ന വേളയിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ. ഏറെ സന്തോഷവും അതിലേറെ അഭിമാനവുമുള്ള നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കൂടുതൽ സമരോത്സുകമാക്കാൻ കഴിഞ്ഞുവെന്നും, ഇത് ചാരിതാർഥ്യത്തിന്‍റെ കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് ചുമതലയേൽക്കുന്ന വേദിയിലായിരുന്നു സുധാകരന്‍റെ പ്രസംഗം.

തന്‍റെ കാലത്ത് തെരഞ്ഞെടുപ്പുകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും മികച്ച നേട്ടങ്ങൾ കൈവരിച്ചുവെന്നും സുധാകരൻ അവകാശപ്പെട്ടു. സിപിഎമ്മിന്‍റെ കോട്ടകളിൽ അവരുടെ ഭൂരിപക്ഷം കുറയ്ക്കാനായി. കോൺഗ്രസിന്‍റെ വോട്ട് വിഹിതം വർധിച്ചു.

ചരിത്രത്തിലാദ്യമായാണ് കോൺഗ്രസിന്‍റെ 20 ലക്ഷത്തിന്‍റെ ഭൂരിപക്ഷമുണ്ടാവുന്നത്. അത് തന്‍റെ കാലയളവിലാണ്. തന്‍റെ കാലത്ത് കോൺ‌ഗ്രസിന് നേട്ടം മാത്രമാണ് ഉണ്ടായത്. കോട്ടം ഉണ്ടായിട്ടില്ല. അത് തുറന്നു പറയാൻ തനിക്ക് നട്ടെല്ലുണ്ടെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസിനെ ജനകീയമാക്കി, ഗ്രൂപ്പ് കലഹങ്ങൾ ഇല്ലാതാക്കി, സെമി കേഡർ ഏറെക്കുറെ സാധ്യമാക്കി. കുടുംബസംഗമങ്ങൾ ചിട്ടയായി നടത്തി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കോളെജുകൾ കെഎസ്‌യു പിടിച്ചെടുത്തു. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി തനിക്ക് പൂർത്തിയാക്കാനായില്ല. സണ്ണി ജോസഫിനെ ചുമതലയേൽപ്പിക്കുകയാണ്. കോൺഗ്രസിന്‍റെ ലക്ഷ്യം പൂർത്തീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്നമല്ല, നമുക്ക് ജയിക്കണം. ഇനിയും ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. സിപിഎമ്മിനെതിരായ പോരാട്ടത്തിൽ ഒരു പടക്കുതിരയെപോലെ ഞാൻ മുന്നിലുണ്ടാവും- സുധാകരൻ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com