
തിരുവനന്തപുരം: കോൺഗ്രസ് പ്രാദേശിക നേതാക്കളെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ രംഗത്ത്. കേരളത്തിൽ കോൺഗ്രസ് പാർട്ടി പിന്നിൽ നിൽക്കുന്നതിന്‍റെ കാരണം ഇവരാണ്. പ്രാദേശിക നേതാക്കൾക്ക് പ്രതീക്ഷക്കൊത്ത് വളരാനും പ്രവർത്തകരെ സംഘടിപ്പിക്കുവാനും സാധിക്കുന്നില്ല. ഭാരവാഹിത്വം അലങ്കാരമല്ല, പ്രവർത്തകർക്ക് ആശയവും ആവേശവും നൽകേണ്ട പദവിയാണെന്നും സുധാകരൻ പറഞ്ഞു.
രണ്ടു മാസം മുമ്പേ തീരേണ്ടതാണ് മണ്ഡല പുനഃസംഘടന. ഇതുവരെ പൂർത്തികരിക്കാനായിട്ടില്ല. ഇങ്ങനെ നീളുന്നതിന്‍റെ ഉത്തരവാദിത്തം കെപിസിസിക്കല്ല. പ്രാദേശിക തലത്തിൽ പോലും നേതാവിനെ കണ്ടെത്താൻ സാധിക്കാത്തവരെക്കുറിച്ച് എന്ത് പറയാനാണ്.
ഇക്കാര്യത്തിൽ ഡിസിസി പ്രസിഡന്‍റ് ഉൾപ്പെടെ ജില്ലയിലെ നേതാക്കൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്. ജില്ലകളിൽ സർക്കാരിനെതിരെ വികാരവും ആവേശവുമുണ്ടെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പാകമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.