കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടിയില്ല; പരാതിയുമായി സുധാകരൻ

വോട്ടെടുപ്പ് കഴിയുന്നതു വരെ എം.എം. ഹസനു നൽകിയ ചുമതല ഇതുവരെ തിരിച്ചുകിട്ടാത്തതിൽ കെ. സുധാകരന് അതൃപ്തി
k sudhakaran
k sudhakaranFile

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തിരികെ നിയമിക്കാത്തതിൽ കെ. സുധാകരന് അതൃപ്തി. തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനാൽ എഐസിസി തീരുമാനം വരേണ്ട സാങ്കേതിക താമസമെന്നാണ് നേതാക്കളുടെ വിശദീകരണം. അതേസമയം, തന്നെ മാറ്റാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം സുധാകരനുണ്ട്. ഇതോടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് പരാതി അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ശനിയാഴ്ച ചേർന്ന കെപിസിസി യോഗത്തിൽ കെ. സുധാകരൻ വീണ്ടും പ്രസിന്‍റായി ചുമതലയേൽക്കുമെന്നായിരുന്നു അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ, യോഗത്തിലും ആക്‌ടിങ് പ്രസിഡന്‍റ് എം.എം. ഹസനോട് തുടരാൻ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദേശിച്ചതോടെ സുധാകരൻ അതൃപ്തി പരസ്യമാക്കി.

എന്നാൽ, ഫലം വരുന്നത് വരെയാണ് താത്കാലിക ചുമതലെയന്നാണ് ദീപാ ദാസ് മുൻഷി നൽകിയ വിശദീകരണം. ഹൈക്കമാൻഡ് തീരുമാനം വരട്ടെയെന്നാണ് കെ.സി. വേണുഗോപാലും അറിയിച്ചത്. ഇതോടെ ചുമതലയേൽക്കാനെത്തിയ സുധാകരൻ കടുത്ത നിരാശയിലാണ് മടങ്ങിയത്.

അതേസമയം, തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാനും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി സുധാകരനെ നീക്കാൻ നേരത്തെ ശ്രമുണ്ടായിരുന്നു. സുധാകരന്‍റെ പ്രസ്താവനകൾ വിവാദമാകുന്ന സാഹചര്യവും എ-ഐ ഗ്രൂപ്പുകാരുടെ എതിർപ്പും കണക്കിലെടുക്കുമ്പോൾ സുധാകരനോട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പഴയ താത്പര്യമില്ല. താത്കാലിക ചുമതലയുള്ള ഹസൻ സ്ഥിരം പ്രസിഡന്‍റായി തുടരട്ടെയെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു.

എന്നാൽ, ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് പുതിയൊരു അധ്യക്ഷൻ വരണമെന്നാണ് ആവശ്യം. ഇതിനിടെ, തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘടനയിൽ വലിയ അഴിച്ചുപണിയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാൽ കെ. സുധാകരന്‍റെ സ്ഥാനം തെറിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. ഇതോടെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്കെത്താനുള്ള മുതിർന്ന നേതാക്കളുടെ ചരട് വലിയും തുടങ്ങിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com