
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ബുധനാഴ്ച ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ ഇഡിയ്ക്ക് കത്ത് നൽകി. സെപ്റ്റംബർ 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് ഇഡിയെ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച മണിക്കൂറുകളോളം കെ സുധാകരനെ ഇഡി ചോദ്യം ചെയ്തിരുന്നു, തുടർന്നാണ് ബുധനാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചത്. 2018ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു . സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു. തുടർന്നാണ് അന്വേഷണം സുധാകരനിലേക്ക് എത്തുന്നത്.