''അനധികൃത പണമെത്തിക്കുന്ന അധോലോക സംഘമായി സിപിഎം മാറി'': കെ. സുരേന്ദ്രൻ

സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് കെ. സുരേന്ദ്രൻ
k. surendran against cpm
കെ. സുരേന്ദ്രൻfile image
Updated on

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം. കടലാസ് കമ്പനികൾ ഉണ്ടാക്കി അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് വിദേശത്തുനിന്നും കോടിക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളിലേക്ക് എത്തുന്നത്. ലോക കേരളസഭ നടക്കുമ്പോഴും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും വിദേശപര്യടനത്തിനിടെയും ഇത്തരത്തിൽ പണം എത്തിയിട്ടുണ്ട്.

നേതാക്കളുടെയും മക്കളുടെയും അനധികൃത സ്വത്ത് സമ്പാധനത്തെ പറ്റിയും ഹവാലാ ഇടപാടുകളെ പറ്റിയും അന്വേഷണം വേണമെന്ന് പറഞ്ഞത് പാർട്ടിക്കാർ തന്നെയാണ്. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നേരെയാണ് ഏറ്റവും ഗുരുതരമായ ആരോപണം ഉയർന്നു വന്നിരിക്കുന്നത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് സിപിഎം നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്നും പണം സമാഹരിക്കാനുള്ള ഏജൻസികൾ സിപിഎമ്മിന് ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പണം പോലും വിദേശത്തുനിന്നും പിരിക്കുന്നതായി പറയുന്നു. എല്ലാ സാമൂഹ്യ-പ്രകൃതി ചൂഷണ പദ്ധതികൾക്കും ഇടനില നിന്ന് പണമുണ്ടാക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. വിദേശ നാണ്യ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വൻതോതിൽ പണമാണ് അന്യരാജ്യങ്ങളിൽ നിന്ന് കടത്തിക്കൊണ്ടു വരുന്നത്. അടിയന്തരമായി ഈ കാര്യങ്ങളിൽ ജനങ്ങൾക്ക് വിശദീകരണം നൽകാൻ സർക്കാർ തയ്യാറാവണം.

അധികാരം ഉപയോഗിച്ചുകൊണ്ട് സിപിഎം കൊള്ളം നടത്തുകയാണ്. ലോക കേരള സഭയെല്ലാം പ്രഹസനമായി മാറിയിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വിദേശത്തുനിന്നും കൊള്ള നടത്തിയ പണം എവിടെയൊക്കെയാണ് ചിലവഴിച്ചതെന്ന് കണ്ടുപിടിക്കണം. ഈ കാര്യത്തിൽ വിവാദ വ്യവസായിയെ കുറിച്ചും നേതാക്കൾക്ക് അയാളുമായുള്ള ബന്ധത്തെ കുറിച്ചും സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com