ഗവർണറുടെ പ്രതികരണം സർക്കാരിനേറ്റ തിരിച്ചടിയെന്ന് സുരേന്ദ്രൻ

കേന്ദ്രസർക്കാരിനെതിരെ അവാസ്തവമായ കാര്യമാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ
കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ നടപടി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ഇതുപോലൊരു സംഭവം ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ല. സർക്കാരിന്‍റെ തെറ്റായ നയങ്ങൾ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി അടക്കം കവലപ്രസംഗത്തിൽ നടത്തുന്നതുപോലെ കേന്ദ്രസർക്കാരിനെതിരെ അവാസ്തവമായ കാര്യമാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുവാൻ സഭയെ ഉപയോഗിക്കുന്നത് ശരിയല്ല. കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടാണ്. ഇത് മറച്ചുവച്ചുകൊണ്ട് കേന്ദ്രസർക്കാരിന്‍റെ മേൽ പഴിചാരി രക്ഷപെടാനുള്ള നീചമായ ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

നിയമസഭയിൽ പാസാക്കുന്ന പ്രമേയങ്ങളായാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആയാലും എല്ലാ കാര്യത്തിലും തികഞ്ഞ രാഷ്ട്രീയ പ്രചാരണമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രവർത്തിക്കുന്നത് മന്ത്രിസഭയിലെ ഒരു അംഗത്തെപ്പോലെയാണ്. മറ്റിടങ്ങളിലേപ്പോലെയല്ല കേരളത്തിൽ പ്രതിപക്ഷത്തിന്‍റെ ഇടപെടലെന്നും മുഖ്യമന്ത്രിക്കു വേണ്ടി കുഴലൂത്ത് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com