
തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തദ്ദേശ സ്ഥാപനങ്ങളെ തകർച്ചയിലേക്കു തള്ളിവിടുന്നതാണു സർക്കാരിന്‍റെ നിലപാടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
50,000 മുതൽ 3 ലക്ഷം വരെ രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നൽകിയത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഭീമമായ തുക ജനങ്ങളിൽ നിന്നും പിഴിയുകയാവും തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുക. ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ. സഹകരണ പ്രസ്ഥാനങ്ങളെ കറവപശുവിനെ പോലെയാണ് എൽഡിഎഫ് സർക്കാർ കാണുന്നത്. നിക്ഷേപകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ പണപ്പിരിവ്.
നവകേരള സദസ് പ്രധാനമായും സ്പോൺസർ ചെയ്യുന്നത് മാഫിയകളാണ്. മുഖ്യമന്ത്രിയുടെ കേരളയാത്ര കഴിയുന്നതോടെ കേരളം പൂർണമായും മാഫിയകളുടെ ഭരണത്തിന് കീഴിലാവും. ഇപ്പോൾ തന്നെ മാഫിയകളിൽ നിന്നും വൻകിടക്കാരിൽ നിന്നും മദ്യലോബികളിൽ നിന്നും നികുതി പിരിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സർക്കാർ ഭാവിയിൽ പൂർണമായും അവർക്കു കീഴടങ്ങും. ഇത്തരം നടപടികൾ സമ്പദ് വ്യവസ്ഥ പൂർണമായും നശിപ്പിക്കാനും പാവങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാനും കാരണമാവും.