

കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിൽ രാഷ്ട്രീയം കാണേണ്ട കാര‍്യമില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അതിനെതിരേ പുതിയ സർക്കാർ നടപടിയെന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും കമ്മ‍്യൂണിറ്റി കിച്ചൺ ഒന്നും കേരളത്തിൽ നടപ്പാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് കാലത്ത് തന്നെ അത് പൊളിഞ്ഞ് പാളീസായതാണെന്നും ഇക്കാര‍്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ. സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല. പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്