
#കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ
1975 ജൂൺ 25 അർധരാത്രി. ഇന്ത്യയുടെ ജനാധിപത്യത്തെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കാശാപ്പ് ചെയ്ത ദിനം. പ്രതിപക്ഷ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ഏകാധിപത്യത്തിനു കീഴിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കൊണ്ടെത്തിക്കുകയും ചെയ്ത ചരിത്രത്തിലെ കറുത്ത സംഭവത്തിന് ഇന്നേയ്ക്ക് 48 വർഷം തികയുന്നു.
പാർലമെന്റ് സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ എത്തിയ അടൽ ബിഹാരി വാജ്പേയിയേയും ലാൽ കൃഷ്ണ അഡ്വാനിയേയും പൊലീസ് അറസ്റ്റ് ചെയ്തു. "1975 ജൂൺ 26 നമ്മുടെ ധാരണയിലുള്ള ഭാരത ജനാധിപത്യത്തിന്റെ അവസാന ദിനമെന്ന് തെളിഞ്ഞേക്കാം. അത് അങ്ങനെയല്ലെന്ന് വരട്ടെയെന്ന് ആശിക്കാനേ നിർവാഹമുള്ളൂ' എന്നായിരുന്നു തന്റെ അറസ്റ്റിനോടുള്ള പ്രതികരണമായി എൽ.കെ. അദ്വാനി ഡയറിയിൽ കുറിച്ചത്. സർക്കാരിന്റെ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരയെ പ്രേരിപ്പിച്ചത്.
അടിയന്തരാവസ്ഥയുടെ കിരാത ദിനരാത്രങ്ങൾ അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അടുത്ത കാലത്തു കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ. അടിയന്തരാവസ്ഥ എന്ന മനോഭാവം ആദ്യം ആക്രമിക്കുക ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാത്രിയിൽ ഇന്ദിരാ ഗാന്ധി ആദ്യം ചെയ്തത് ഡൽഹിയിലെ പത്രങ്ങൾ സ്ഥിതി ചെയ്യുന്ന റോഡിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. അതിനു ശേഷം നടന്ന സെൻസർഷിപ്പുകളും പത്രമാരണ നിയമങ്ങളും ലോകത്തിനു മുമ്പിൽ നമ്മുടെ നാടിന്റെ മാനംകെടുത്തി.
ഇന്ന് പിണറായി വിജയനും ചെയ്യുന്നത് സമാനമായ കാര്യങ്ങളാണ്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന കൊടുക്കുന്നത്. സർക്കാരിന്റെ അഴിമതികൾ ചോദ്യം ചെയ്യുന്നവരെ കള്ളക്കേസിൽ കുടുക്കുകയും തട്ടിപ്പും ക്രമക്കേടും പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകരെ വേട്ടയാടുകയുമാണ് പിണറായിസം. കമ്മ്യൂണിസ്റ്റുകാർ എവിടെയൊക്കെ ഭരണത്തിൽ എത്തിയിട്ടുണ്ടോ അവിടെയെല്ലാം ഇത്തരം അടിച്ചമർത്തലുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. തുടർഭരണത്തിന്റെ ഹുങ്കിൽ അവർ കേരളത്തിലും സമാനമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
അന്നത്തെ ഇന്ദിര ഗാന്ധിയുടെ സർക്കാരും കേരളത്തിലെ ഇന്നത്തെ പിണറായി വിജയന്റെ സർക്കാരും തമ്മിൽ വലിയ സാമ്യമുണ്ട്. വിദ്യാർഥി പ്രക്ഷോഭങ്ങളാണ് ഫാസിസ്റ്റ് സർക്കാരിന് നേരിടേണ്ടി വന്ന ആദ്യത്തെ വെല്ലുവിളി. അഖിലഭാരതീയ വിദ്യാർഥി പരിഷത്തിന്റെ നേതൃത്വത്തിൽ ബിഹാറിലും ഗുജറാത്തിലും നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെ നേരിടാനായിരുന്നു കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വ്യാജരേഖ ചമച്ച് കേരളത്തിലെ ക്യാംപസുകളിൽ എസ്എഫ്ഐ നേതാക്കൾ അഡ്മിഷനും ജോലിയും നേടുകയാണ്. അതോടൊപ്പം പരീക്ഷ എഴുതാതെ പാസാവുന്ന സംസ്ഥാന സെക്രട്ടറിയാണ് അവരുടെ അലങ്കാരം. എസ്എഫ്ഐ നേതാക്കൾ വ്യാജസർട്ടിഫിക്കറ്റുകളുണ്ടാക്കി കേരളത്തിൽ ഏതു കോളെജുകളിലും ഏത് കോഴ്സിനും ചേരുന്ന സാഹചര്യവുമുണ്ടായി. ഇതിനെതിരെ കേരളത്തിലെ തെരുവുകളിൽ വിദ്യാർഥി പരിഷത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാവുകയാണ്. പഠിച്ചു മാർക്ക് വാങ്ങുന്ന പാവപ്പെട്ട കുട്ടികൾക്ക് കേരളത്തിലെ കോളെജുകളിൽ അഡ്മിഷൻ ലഭിക്കാതിരിക്കുമ്പോഴാണ് എസ്എഫ്ഐക്കാരൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പഠിക്കാനെത്തുന്നത്. ആയിരക്കണക്കിന് യുവാക്കൾ അർഹതയുണ്ടായിട്ടും ജോലി കിട്ടാതെ കഷ്ടപ്പെടുമ്പോഴാണ് എസ്എഫ്ഐക്കാർ വ്യാജരേഖയുണ്ടാക്കി ജോലിയിൽ കയറുന്നത്.
കേരളത്തിലെ പ്രധാന നഗരങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റ് അടിച്ചു കൊടുക്കുന്ന കേന്ദ്രങ്ങൾ ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടന നടത്തുന്നുണ്ടെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. മുമ്പ് പിഎസ്സിയിൽ വരെ ക്രമക്കേട് നടത്തി ജോലി നേടിയവരാണ് ഇവരെന്നതും മറക്കരുത്. ഈ അനീതിക്കെതിരായ വാർത്ത റിപ്പോർട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് എസ്എഫ്ഐക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്നാണ്. സർക്കാരിനെതിരെ ശബ്ദിച്ചാൽ ആ ശബ്ദം അടിച്ചമർത്തുമെന്ന ഭീഷണി എം.വി. ഗോവിന്ദന്റെ വാക്കുകളിൽ പ്രകടമായിരുന്നു. അടിയന്തരാവസ്ഥ 1977ൽ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം സെക്രട്ടറിയുടെ നിലപാട്.
പിണറായി സർക്കാർ ഏഴുവർഷം പൂർത്തിയാകുമ്പോൾ സമ്പൂർണമായ ഭരണത്തകർച്ചയാണ് കേരളത്തിലുള്ളത്. ഇനി ഒരിക്കലും അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കില്ലെന്ന് മനസിലാക്കിയ സിപിഎം അതുകൊണ്ടു തന്നെ കടുംവെട്ടു നടത്തുകയാണ്. എഐ ക്യാമറ അഴിമതിയും കെ- ഫോൺ തട്ടിപ്പും ആസൂത്രിതമായ അഴിമതികളാണ്. അഴിമതിയോടൊപ്പം ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 4,000 കോടിയോളം രൂപയുടെ അധിക നികുതിയാണ് പിണറായി സർക്കാരിന്റെ എട്ടാം വർഷത്തിൽ ചുമത്തിയത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതോടെ ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വില കൂടിയിരിക്കുകയാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തിനെ അപേക്ഷിച്ച് 12-15 രൂപയാണ് ഒരു ലിറ്റർ പെട്രോളിനും ഡീസലിനും കുറവ് വരുന്നത്.
കെട്ടിട നിർമാണ മേഖലയിലാവട്ടെ, റോക്കറ്റ് നികുതി വർധനവാണ് പിണറായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. അരിക്കും പച്ചക്കറിക്കും ഉൾപ്പെടെ പൊള്ളുന്ന വിലയാണ് ഇന്ന് കേരളത്തിലുള്ളത്. വെള്ളക്കരം വർധനവ് നാട്ടുകാരുടെ നട്ടെല്ലൊടിച്ചു നിൽക്കുമ്പോഴാണ് അടുത്ത മാസം വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
സർക്കാരിന്റെ നെറികേട് ആരും ചോദ്യം ചെയ്യാതിരിക്കാൻ ജനങ്ങളെ ഭയപ്പെടുത്തുകയാണ് പോംവഴി എന്നാണ് സിപിഎം കരുതുന്നത്. എന്നാൽ അടിയന്തരാവസ്ഥ സിപിഎം മറക്കരുത്. രാജ്ഞിയെ പോലെ രാജ്യം ഭരിച്ചിരുന്ന ഇന്ദിര ഗാന്ധിയെ ചെറുത്തു തോൽപ്പിച്ചവരാണ് ഈ നാട്ടുകാരെന്നതു പിണറായി വിജയൻ മറക്കരുത്. ഫാസിസത്തിനു മുമ്പിൽ മുട്ടുമടക്കാൻ ഈ രാജ്യം ചൈനയോ ക്യൂബയോ അല്ല, ഇന്ത്യയാണ്.