ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടർന്നേക്കും

സുരേന്ദ്രനോട് എതിർപ്പ് ശക്തമായാൽ വി. മുരളീധരനെയും പരിഗണിക്കും. രാജീവ് ചന്ദ്രശേഖറും എം.ടി. രമേശും കൂടി ഉൾപ്പെടുന്നതാണ് സാധ്യതാ പട്ടിക
K Surendran likely to continue as BJP state president
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രൻ തുടർന്നേക്കുംfile image
Updated on

സ്വന്തം ലേഖകൻ

കൊച്ചി: ബിജെപി കേരള ഘടകം അധ്യക്ഷനായി കെ. സുരേന്ദ്രനെ നിലനിർത്താൻ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തന്നെ സംസ്ഥാനത്ത് പാർട്ടിയെ നയിക്കട്ടെ എന്ന നിലപാടിലേക്ക് കേന്ദ്ര നേതൃത്വം എത്തിച്ചേരുന്നു എന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈയാഴ്ച അവസാനത്തോടെയേ ഉണ്ടാകൂ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് - യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമേ ഡൽഹി മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമാകൂ. ഇതിനു ശേഷമായിരിക്കും കേരളത്തിലെ സംഘടനാ നേതൃത്വം സംബന്ധിച്ച പ്രഖ്യാപനം.

സുരേന്ദ്രനെ കൂടാതെ പരിഗണനയിലുള്ള പ്രധാന പേര് മുൻ കേന്ദ്രമന്ത്രി വി. മുരളീധരന്‍റേതാണ്. അദ്ദേഹം മുൻപും സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. പുതുമുഖം തന്നെ വേണമെന്നാണു തീരുമാനമെങ്കിൽ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് എന്നിവരെയും പരിഗണിക്കും.

കെ. സുരേന്ദ്രന്‍റെ കാര്യത്തിൽ സംസ്ഥാനത്തെ തന്നെ പല പ്രമുഖ നേതാക്കൾക്കും എതിർപ്പുണ്ടെന്നത് യാഥാർഥ്യമാണ്. പക്ഷേ, തൃശൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് സുരേഷ് ഗോപി ജയിച്ചതും തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ മികച്ച മത്സരം കാഴ്ചവച്ച് രണ്ടാം സ്ഥാനത്തെത്തിയതുമെല്ലാം സുരേന്ദ്രന്‍റെ ക്രെഡിറ്റിലാണ് കേന്ദ്ര നേതൃത്വം എണ്ണുന്നത്.

അതുകൊണ്ടു തന്നെ തദ്ദേശ തെരഞ്ഞെടുപ്പും അതിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന കേരളത്തിൽ ഉടനെ ഒരു നേതൃമാറ്റമുണ്ടായാൽ വിപരീത ഫലം ചെയ്യുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

V Muraleedharan
വി. മുരളീധരൻ

സുരേന്ദ്രൻ മാറിയേ തീരൂ എന്ന സാഹചര്യം വന്നാൽ പ്രഥമ പരിഗണന, മുൻ പ്രസിഡന്‍റ് എന്ന നിലയിൽ മുരളീധരനു തന്നെയായിരിക്കും. അദ്ദേഹം സംസ്ഥാന അധ്യക്ഷനായിരുന്ന കാലഘട്ടത്തിൽ കേരളത്തിൽ ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ളതും മുരളീധരന് അനുകൂല ഘടകമാണ്. കേന്ദ്ര മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹത്തിനു കാര്യമായ സംഘടനാ പദവികളൊന്നും നൽകിയിട്ടുമില്ല.

എൻഡിഎ ചെയർമാൻ എന്ന നിലയിലും, തിരുവനന്തപുരത്ത് സ്വീകാര്യത നേടിയ വികസന രാഷ്ട്രീയത്തിന്‍റെ വക്താവ് എന്ന നിലയിലുമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ സാധ്യത. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ പ്രവർത്തന പരിചയമില്ലാത്തത് വലിയ കുറവായി തന്നെ എണ്ണപ്പെടുന്നു.

Rajeev Chandrasekhar
രാജീവ് ചന്ദ്രശേഖർ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉ‍യർന്നു വന്ന വിവാദങ്ങളും പാർട്ടിക്കുള്ളിലുണ്ടായ പൊട്ടിത്തെറികളുമൊക്കെയാണ് സുരേന്ദ്രനെതിരായ പ്രധാന ആരോപണങ്ങളായി പാർട്ടിയിലെ എതിരാളികൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ, പാർട്ടിയിലെ ഒരു വിഭാഗം തനിക്കെതിരേ പ്രവർത്തിക്കുന്നതായി സുരേന്ദ്രൻ തന്നെ പാർട്ടി കേന്ദ്ര നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

2020 മുതൽ സുരേന്ദ്രൻ തന്നെയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ. ഇത്രയും ദീർഘമായ കാല‍യളവിൽ ഒരാൾ തന്നെ ആ പദവി വഹിക്കുന്നത് ശരിയല്ലെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com