
കോഴിക്കോട്: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ കെ സുരേന്ദ്രന്‍റെ വിവാദ പരാമർശം. ചിന്തയെ മൂത്രത്തിൽ ചൂൽ മുക്കി അടിക്കണമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. കോഴിക്കോട് കളക്‌ടറേറ്റിൽ നടന്ന മാർച്ചിനിടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പരാമർശം.
സാധാരണക്കാരന്‍റെ പ്രതികരണമാണിത്. ചിന്ത എന്തു പണിയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചിന്തക്ക് വനിത നേതാവെന്ന ബഹുമാനം നൽകേണ്ടതില്ലെന്നു പറഞ്ഞ അദ്ദേഹം അവർ ആദ്യം ജനങ്ങളെ ബഹുമാനിക്കാൻ പഠിക്കട്ടെ എന്നും കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെയും സുരേന്ദ്രൻ പരിഹസിച്ചു. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം. പിണറായി ദന്തഗോപുരത്തിൽ നിന്നും ഇറങ്ങണമെന്നും നികുതി പിൻവലിച്ചില്ലെങ്കിൽ ബിജെപി ശക്തമായ സമരത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.