
കോഴിക്കോട്: മുസ്ലീം ലീഗിനെ പരസ്യമായി ആക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കും. അതുകഴിയുമ്പോൾ ലീഗിന് ചാടാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു കഴിയുമ്പോൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. അതു കഴിയുമ്പോൾ ലീഗ് ചാടും. ലോക്സഭാ തെരഞ്ഞെടുപ്പു വരെ അവർക്ക് കാത്തിരിക്കാതെ വേറെ വഴിയില്ല. ലീഗ് വേലിചാടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മാത്രമല്ല, കേരളത്തിന് കേന്ദ്രം പണം നൽകുന്നില്ലെന്ന് ആരോപിച്ച് അതിനു പിന്നിൽ നടത്തുന്ന ധൂർത്ത് മറച്ചുവയ്ക്കുകയാണ്. കേരളത്തിന് എത്ര രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്ന് സംബന്ധിച്ച് കെ. ബാലഗോപാൽ നിർമല സീതാരാമന് നൽകിയുള്ള കത്തിൽ സൂചിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. കേന്ദ്രത്തിന് ഒരു സംസ്ഥാനത്തിന്‍റെയും പണം ആവശ്യമില്ല. ധനകാര്യമന്ത്രി ഇത് ബാഗിൽ നിന്ന് എടുത്തു കൊടുക്കുന്നതല്ല. അതിന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുണ്ട്. മാനദണ്ഡങ്ങൾ അനുസരിച്ച് കേന്ദ്രം തുക നൽകുന്നുണ്ടെന്നും സുരേന്ദ്രൻ പ്രതികരിച്ചു.