

കാസർഗോഡ് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പൊലീസിൽ പിടിയിൽ
കാസർഗോഡ്: കാറിലെത്തിയ അഞ്ചംഗ സംഘം കാസർഗോഡ് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായകമായ പൊലീസ് ഇടപെടൽ. തട്ടിക്കൊണ്ടുപോയ സംഘത്തെ കർണാടകയിലെ സകലേശ്പുരിനടുത്ത് വെച്ച് പൊലീസ് സംഘം തടഞ്ഞു. കർണാടക പൊലീസിന്‍റെ സഹായത്തോടെയാണ് തടഞ്ഞത്. കാസർഗോഡ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയത്.
പ്രതികളെയും, യുവാവിനെയും ബുധനാഴ്ച രാത്രിയോടെ കാസർഗോഡ് എത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്‍റെ മുന്നിലെ സർവീസ് റോഡിൽ നിന്നാണ് അഞ്ചംഗസംഘം ഹനീഫയെ തട്ടിക്കൊണ്ടുപോയത്.
സാമ്പത്തിക ഇടപാട് പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബേക്കൽ സ്വദേശിയായ ശരീഫ് എന്നയാളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സംശയം. ആന്ധ്രയിൽ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയത്. സംഭവത്തിൽ കാസർഗോഡ് ടൗൺ പൊലീസ് കേസെടുത്തു. ടൗൺ എസ്ഐ സജിമോൻ ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കാസർഗോഡ് നിന്ന് എത്തിച്ചത്.