സുഭദ്ര കൊലപാതകം: ഒളിവിലായിരുന്ന പ്രതികള്‍ മണിപ്പാലിൽ നിന്നും പിടിയില്‍

കൊലപാതകം പുറത്തറിഞ്ഞ് 2 ദിവസത്തിനുള്ളിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.
kadavanthra subhadra murder case: accused arrested from Manipal
സുഭദ്ര | മാത്യൂസ് | ശര്‍മിള
Updated on

ബംഗളൂരു: ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കേസിലെ പ്രതികളായ ശര്‍മിളയും മാത്യൂസും കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. പിന്നീട് പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ ഉഡുപ്പിയില്‍ നിന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം പുറത്തറിഞ്ഞ് 2 ദിവസത്തിനുള്ളിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡ് 'ശിവകൃപ'യില്‍ സുഭദ്രയുടെ (73) മൃതദേഹമാണു ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസും (നിധിന്‍) ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശി ശര്‍മിളയും കൊലപാതകം നടത്തിയത്. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു കൊലപാതകം. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വർണ്ണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സുഭദ്രടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ വീടിന് പുറകുവശത്തായി തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതായി പ്രദേശവാസിയായ മേസ്തിരിയും പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 7നാണ് വീട്ടിൽ കുഴിയെടുത്തത്. ജോലി ചെയ്തതിന്‍റെ ബാക്കി തുക കൈ പറ്റാൻ രണ്ട് ദിവസം കഴിഞ്ഞു ആ വീട്ടിൽ ചെന്നപ്പോൾ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തി പരിശോധന ആരംഭിച്ചതും ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതും. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

Trending

No stories found.

Latest News

No stories found.