ആതിരയെ കാണാനെത്തിയത് ബൈക്ക് അടക്കം വിറ്റിട്ട്, കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല; പ്രതിയുടെ മൊഴി പുറത്ത്

കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 7 മണിയോടെ പ്രതി മതിൽ ചാടി ആതിര താമസിക്കുന്ന വീട്ടിൽ എത്തി
kadinamkulam athira murder case accused statement recorded
ആതിരയെ കാണാനെത്തിയത് ബൈക്ക് അടക്കം വിറ്റിട്ട്, കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല; പ്രതിയുടെ മൊഴി പുറത്ത്
Updated on

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസിൽ പ്രതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും ആതിര തയാറാവാതിരുന്നതാണ് കൊലപാതക്കത്തിന് കാരണമെന്ന് പ്രതി ജോൺസൺ മൊഴി നൽകി. പൊലീസിന്‍റെ പിടിയിലാവുമെന്ന് ഉറപ്പായപ്പോഴാണ് താൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ജോൺസൺ‌ മൊഴി നൽകി.

കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ ജോൺസനെ വ്യാഴാഴ്ച വൈകിട്ട് കോട്ടയത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ നിലവിൽ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ് ജോൺസൺ.

കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 7 മണിയോടെ പ്രതി മതിൽ ചാടി ആതിര താമസിക്കുന്ന വീട്ടിൽ എത്തി. അവസാനമായി ആതിരയെ ഒന്നു കാണമെന്നായിരുന്നു ജോൺസന്‍റെ ആവശ്യം. പ്രതി വീട്ടിലെത്തിയപ്പോൾ ആതിര പ്രതിക്ക് ചായയിട്ട് നൽകി. തക്കം കിട്ടിയപ്പോൾ പ്രതി കൈയിൽ കരുതിയിരുന്ന കത്തി കട്ടിലിന്‍റെ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ചു. ഇതിനിടെ കുട്ടി ഉണരുകയും ആതിര കുട്ടിയെ ഒരുക്കി സ്കൂളിൽ വിടുകയും ചെയ്തു. ശേഷം ഭർത്താവിന് ഭക്ഷണം നൽകാനായി ആതിര പോയി. ഈ സമയങ്ങളിലെല്ലാം പ്രതി വീടിനുള്ളിൽ ഉണ്ടായിരുന്നു. തുടർന്ന് ഭക്ഷണം നൽകി ആതിര തിരികെ എത്തിയതിനു ശേഷമാണ് കൊലപാതകം നടന്നത്. ബൈക്ക് അടക്കം വിറ്റിട്ടാണ് പ്രതി ആതിരയെ കാണാൻ എത്തിയത്.

ആതിരയെ കുത്താനുള്ള കത്തി ചിറയിൻകീഴിൽ നിന്നുമാണ് വാങ്ങിയതെന്നാണ് ജോൺസന്‍റെ മൊഴി. കൃത്യം നടത്തുന്നതിനിടയിൽ ജോൺസന്‍റെ കൈയ്ക്കും മുറിവേറ്റിരുന്നു. കൊലപാതക ശേഷം ജോൺസൻറെ ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്‍റെ ഷർട്ട് ഇട്ടാണ് രക്ഷപ്പെട്ടത്.

നിലവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും പോലീസ് തുടർ നടപടികൾ സ്വീകരിക്കുക. ആശുപത്രിയിൽ പൂർണമായും പോലീസ് നിരീക്ഷണത്തിലാണ് പ്രതി കഴിയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com