

ജിതിൻ ഭാസ്കർ
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ടിൽ ജാമ‍്യം ലഭിച്ചതോടെ ജൂലൈ നാലിന് ജയിലിൽ നിന്നും പുറത്തിറങ്ങുന്ന പ്രധാന പ്രതിയായ ജിതിൻ ഭാസ്കറിന് സ്വീകരണമൊരുക്കാൻ ഡിവൈഎഫ്ഐ.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ജിതിൻ. തിരുവള്ളൂരിൽ വൈകീട്ട് 4:30യോടെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകാനാണ് നീക്കം.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് കേസിൽ യാതൊരു പങ്കുമില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നതെങ്കിലും ജിതിൻ തന്നെയാണ് സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണ ഉദ‍്യോഗസ്ഥർക്കു മുൻപിൽ ആഴ്ചയിൽ 2 ദിവസം ഹാജരാകണമെന്ന കർശന വ‍്യവസ്ഥകളോടെയാണ് ജിതിന് കോടതി ജാമ‍്യം നൽകിയത്. ജിതിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം പുറത്തുവരുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയുണ്ടാകുക.